ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടന്‍തന്നെ നിയമന ഉത്തരവ് പുറത്തിറങ്ങും.

ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആര്‍.മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തു. മണിപ്പൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എന്‍.കെ. സിങ്

2012 ജനുവരി 23-ന് ആണ് നിതിന്‍ മധുകര്‍ ജാംദാര്‍ ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ആയിരുന്നു. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജഡ്ജി കൂടിയാണ് നിതിന്‍ ജാംദാര്‍.

ഷോലപൂര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടില്ലായെങ്കില്‍ 2026 ജനുവരി ഒമ്പതിന് വിരമിക്കും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ചാല്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജി എന്‍.കെ. സിങ് ആകും.