- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുനൈദ് കൈപ്പാണി ജനതാദൾ എസ് ദേശീയ സെക്രട്ടറി; തീരുമാനം ബാംഗ്ലൂരിൽ ചേർന്ന ജെ.ഡി.എസ് അഖിലേന്ത്യാ പ്ലീനത്തിലെ സംഘടനാ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി കൺവീനറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡിസംബർ പതിനൊന്നിന് ബാംഗ്ലൂരിൽ ചേർന്ന ജെ.ഡി.എസ് അഖിലേന്ത്യാ പ്ലീനത്തിലെ പാർട്ടി പുനഃസംഘടനാ പ്രമേയത്തിന്റ അടിസ്ഥാനത്തിലാണ് നിയമനം.
വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്, യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു.
ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ അംഗം, യുവജനസേവാദൾ ദേശീയ ഭാരവാഹി, മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡന്റ്,മൗലാനാ ആസാദ് കൾച്ചറൽ ഫോറം സ്റ്റുഡന്റ്സ് വിങ്ങ് സംസ്ഥാന കൺവീനർ,കേരള മദ്യ വർജ്ജന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, ബസ് പാസഞ്ചേഴ്സ് കൗൺസിൽ സെക്രട്ടറി,പ്രവാസി ജനത കൾച്ചറൽ ഫോറം (പി.ജെ.സി.എഫ്) ഖത്തർ ചാപ്റ്റർ പ്രസിഡന്റ്, ഹിന്ദ് മസ്ദൂർ സഭ(എച്ച്.എം.എസ്) ജില്ലാ സെക്രട്ടറി എന്നിചുമതലകളും വഹിച്ചിട്ടുണ്ട്.
ലെറ്റസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അഗ്രിലാഡ് ,പ്രോഗ്രസ്സ് ഫൗണ്ടേഷൻ ഡയറക്ടറുമാണ്. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന കോർഡിനേറ്റർ, വൈഡ് ലൈവ് ന്യൂസ് പോർട്ടലിന്റെ മാനേജിങ് എഡിറ്റർ,സ്റ്റാൻഡ് വിത്ത് നേച്ചർ എന്ന പരിസ്ഥിതി സംഘടനയുടെ സൗത്ത് ഇന്ത്യ കോർഡിനേറ്റർ,പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ,സിദ്റ ലിബറൽ ആർട്സ് കോളേജിന്റെ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നുണ്ട്
സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സജീവ സാന്നിധ്യമായ ജുനൈദ് 'രാപ്പാർത്ത നഗരങ്ങൾ' അടക്കമുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.അദ്ദേഹത്തിന്റെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 'വ്യക്തിത്വ വികാസത്തിന് മുപ്പത് തത്വങ്ങൾ'എന്ന മോട്ടിവേഷഷണൽ പുസ്തകം ആമസോണിൽ ലഭ്യമാണ്.
മികച്ച പൊതുപ്രവർത്തകനുള്ള ധർമികം അവാർഡും ശ്രീനാരായണ ഗുരു സംസ്കാരിക പരിഷത്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കോളേജ് പഠന കാലയളവിൽ വിദ്യാർത്ഥി ജനതാദളിന്റെ കേരളാ യൂണിവേഴ്സിറ്റി യൂണിയൻ പാർലിമെന്ററി പാർട്ടി ലീഡറായും തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയർമാൻ എന്ന പ്രത്യേകതയുമുണ്ട്. അന്ന് ജനതാദൾ എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പ്രത്യേക അഭിനന്ദനത്തിനും അനുമോദനത്തിനും അർഹനായിട്ടുണ്ട്.
കോമേഴ്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ് മനഃശാസ്ത്രത്തിൽ പി.ജി.യും കരസ്ഥമാക്കിയിട്ടുണ്ട്. കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തിയ 'വികേന്ദ്രീകരണവും പ്രാദേശികഭരണ നിർവഹണവും' എന്ന സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ ജുനൈദ് നിലവിൽ വിവിധ സ്ഥാപനങ്ങളിലായി പരിശീലന പരിപാടികൾ നടത്തിവരുന്നുണ്ട്. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ.ഭാര്യ ജസ്ന ജുനൈദ്(അദ്ധ്യാപിക). മകൻ ആദിൽ ജിഹാൻ.മകൾ ജെസ ഫാത്തിമ, ഐസ ഹിന്ദ്.
മറുനാടന് മലയാളി ബ്യൂറോ