- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസിന്റെ പേരിൽ കാണിക്കുന്നത് എരപ്പാളിത്തരം; ആയിരം വട്ടം ചോദ്യം ചെയ്യണ്ട കുറ്റവാളിയാണ് പിണറായി വിജയനെന്നും കെ.എം ഷാജി
കണ്ണൂർ: നവകേരളസദസിന്റെ പേരിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സാമ്പത്തികമായി തകർന്ന കേരളത്തിൽ എരപ്പാളിത്തമാണ് കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു. പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ വിചാരണ സദസ് കണ്ണൂർ ടൗൺ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിപൊളി നവകേരള സദസാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത്. അടിയും പൊളിയുമാണ് ഇവിടെ നടക്കുന്നത് പഴയങ്ങാടിയിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമെറ്റു കൊണ്ടും പൂച്ചെട്ടികൊണ്ടും അടിച്ച ഡിവൈഎഫ്ഐ ക്കാരും മുഖ്യമന്ത്രിയുടെ സെക്യുരിറ്റി ഉദ്യോഗസ്ഥരും മറ്റു ജില്ലകളിലും അതു തുടരുകയാണ്. ഇപ്പോഴത്തെ കുട്ടികൾ പറയുന്ന വാക്കുകളിലൊന്നാണ് പൊളിച്ചുവെന്നത് എന്നാൽ ഇവിടെ നവകേരള സദസിന്റെ ആഡംബര ബസ് കടന്നുപോകാൻ സ്‌കൂൾ മതിലുകളും വഴിയിൽ കണ്ടതെല്ലാം പൊളിക്കുകയാണ്. മഞ്ചേരിയിൽ പൊളിച്ചു പാലക്കാട് പൊളിച്ചു അങ്ങനെ എല്ലായിടവും പൊളിച്ചടുക്കുകയാണ് മുഖ്യമന്ത്രിക്ക് ലിഫ്റ്റുള്ള രണ്ടര കോടിയുടെ ബസ് സഞ്ചരിക്കാൻ എത്ര പൈസയാണ് ഖജനാവിന് നഷ്ടം വരുന്നതെന്ന് പറയാൻ കഴിയില്ല.
ഒരു പടിയിൽ നിന്നും താഴേക്ക് ഇറങ്ങാനാണ് മുഖ്യമന്ത്രിക്ക് ഹൈഡ്രോളിക് ലിഫ്റ്റുണ്ടാക്കിയിരിക്കുന്നത്. എവിടെയെങ്കിലും ബസ് നിർത്തി കാര്യം സാധിക്കുന്നതിന് പകരം ബസിനകത്തുതന്നെ ടോയ് ലെറ്റുമുണ്ടാക്കി. ഒരടി ഇറങ്ങാനും കയറാനും കഴിയാത്ത മുഖ്യമന്ത്രിയെന്തിനാണ് ക്‌ളീഫ് ഹൗസിൽ നീന്തൽകുളം പണിതതെന്ന് പറയണം അപ്പോൾ ആ നീന്തൽകുളം പണിതത് മുഖ്യമന്ത്രിക്കെല്ലെന്ന് വ്യക്തമാണ് മറ്റാരോ യാണ് അതുപയോഗിക്കുന്നത്.
ഒരടി പോലും നടക്കാൻ കഴിയാത്ത മുതലിനെയും കൊണ്ടാണ് നാടു ചുറ്റാൻ ഇറങ്ങിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. നവകേരള സദസ് എന്തിനാണ് നടത്തുന്നതെന്ന് ആർക്കുമറിയില്ല. അവർക്കുമറിയില്ലെന്നതാണ് വാസ്തവം. ആദ്യം പറഞ്ഞു ജനങ്ങളുടെ പരാതികൾ പരിഹരിക്കാനാണെന്നാണ് ഇപ്പോൾ പറയുന്നത് അതിനല്ലെന്നാണ് മൂന്ന് ലക്ഷം പരാതികളാണ് ഇതു വരെ കിട്ടിയത്. അതിനർത്ഥം ഭരണ പരാജയമാണെന്നാണ്. പരാതിയായി നൽകരുത് അപേക്ഷയായി നൽകണമെന്നാണ് ഇപ്പോൾ പറയുന്നത് പരാതി നൽകേണ്ടത് ഓരോ പൗരന്റെയും അവകാശമാണ് എന്നാൽ അപേക്ഷ നൽകുന്നത് മഹാരാജാക്കന്മാർക്ക് രാജഭരണത്താണ്. താൻ സ്വയം മഹാരാജാവാണെന്നും തന്റെ കൂടെയുള്ളവർ മഹാറാണിമാരും രാജകുമാരിയാണെന്നും തോന്നുന്നത് ഇവിടെ നടപ്പില്ലെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
1947 ൽ സ്വാതന്ത്ര്യം കിട്ടിയ ഈ രാജ്യത്ത് പരാതി നൽകാൻ ഓരോ പൗരനും അവകാശമുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുഖ്യമന്ത്രിക്കും മറ്റു നേതാക്കൾക്കുമുള്ള പങ്ക് പുറത്തുവരാതിരിക്കാനാണ് നവകേരള സദസുമായി ഇറങ്ങിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിലുള്ള ബന്ധം കാരണമാണ് പിണറായി വിജയനെ ഇ.ഡി. ചോദ്യം ചെയ്യാത്തത്. വെറും 25 ലക്ഷത്തിന്റെ കേസിലാണ് എന്നെയൊക്കെ ഇഡി ചോദ്യം ചെയ്തത് ഭാര്യയടക്കം പലരെയും പല തവണ ചോദ്യം ചെയ്തു. കേന്ദ്രമന്ത്രി ഗഡ്കരിയുമായി മുഖ്യമന്ത്രിക്ക് നല്ല ബന്ധമാണ്. ഗഡ്കരി മാമൻ എന്നാണ് അദ്ദേഹത്തിന്റെ കുടുംബം വിളിക്കുന്നത്. ക്‌ളിഫ് ഹൗസിൽ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയുമായി രഹസ്യമായ കൂടിക്കാഴ്‌ച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇന്ത്യാ മുന്നണിയിൽ സിപിഎം ചേരാത്തത് കരുവന്നൂർ ബാങ്കിലെ അഴിമതിയിൽ ഇഡി അറസ്റ്റു ഭയന്നാണ്. ഇന്ത്യാ മുന്നണിയിൽ സിപിഎമ്മെന്ന് ഭാഗമാകുന്നോ അന്ന് പിണറായി വിജയൻ അറസ്റ്റിലാകുമെന്ന് കെ.എം ഷാജി പറഞ്ഞു.
കരുവന്നൂർ ബാങ്ക്, ലൈഫ് മിഷൻ, സ്വർണകടത്ത്, മാസപ്പടി കേസുൾപ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണമില്ലാത്തത് സിപിഎം-ബിജെപി ബാന്ധവം നിലനിൽക്കുന്നതിനാലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട കേസുകളിലൊന്നും ഇഡി അന്വേഷണമുണ്ടാകില്ലെന്നും കേരളത്തിലും കേന്ദ്രത്തിലും നിലനിൽക്കുന്ന സിപിഎം-ബിജെപി ബാന്ധവം ഇതാണ് തെളിയിക്കുന്നതെന്നും ഷാജി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെയൊക്കെ ഇഡി ചോദ്യം ചെയ്യുമ്പോഴും കേരളത്തിൽ സർക്കാരിനെതിരെ അത്തരം അന്വേഷണമുണ്ടാകുന്നില്ല. എന്നാൽ ആയിരംവട്ടം ചോദ്യം ചെയ്യേണ്ട കുറ്റവാളിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് ഗൗരവകരമായ വിഷയമാണ്.
ചോദ്യങ്ങൾക്ക് മുന്നിൽ മാധ്യമങ്ങളോട് ചൂടാകുന്ന മുഖ്യമന്ത്രിയെയാണ് നമ്മൾ കാണുന്നത്. എന്തിന് വേണ്ടിയാണെന്ന ലക്ഷ്യമില്ലാത്ത ജാഥയായി മാറുകയാണ് നവകേരള യാത്ര. പ്രതിഷേധിക്കുന്നവരെ ഗൺമാനെയുൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചും വിദ്യാലയങ്ങൾ പൊളിച്ച് അടിപൊളിയാത്രയായി മാറുകയാണ്. പാർട്ടിഗുണ്ടകൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതാണ് ഈ യാത്ര. നാട്ടുകാരുടെ പണംകൊണ്ട് അഴിമതിയും ധൂർത്തും നടത്തുന്ന പരിപാടിയാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണതലത്തിൽ കൊള്ള നടത്തുമ്പോൾ പാർട്ടിയിൽ താഴേക്കിടയിലുള്ളവർക്ക് കണക്കില്ലാതെ പിരിവെടുക്കാനുള്ള അവസരമാണിത്. പൗരപ്രമുഖരുടെ പ്രശംസ ഏറ്റുവാങ്ങുന്നതിനൊപ്പം പാവപ്പെട്ട അമ്മമാരുടെ സങ്കടങ്ങൾ കേൾക്കാനും മുഖ്യനും മന്ത്രിമാരും മനസ് വെക്കണമെന്നും ഷാജി പറഞ്ഞു.
ഇവിടെയിപ്പോൾ മുഖ്യമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും എന്താണ് കാട്ടിക്കൂന്നത്. രണ്ടെണ്ണവും രണ്ട് ഭാഗത്ത് അലഞ്ഞ് നടക്കുകയാണ്. അഴിമതി വിഷയങ്ങളിലുൾപ്പെടെ നിലനിൽക്കുന്ന ബാന്ധവമാണ് സിപിഎമ്മിനെ തങ്ങൾക്കനുകൂലമായി നിർത്താൻ ബിജെപിക്ക് സാധിക്കുന്നത്. ഇതുവഴി ഇന്ത്യാ മുന്നണിയിൽ സിപിഎം ഭാഗമാകുന്നതിൽ ബിജെപി തടയിടുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയം ഉയർത്തികാട്ടിയ കമ്യൂണിസ്റ്റ് പാർട്ടി ഫാസിസ്റ്റ് മുന്നേറ്റമാണ് വിസ്മരിക്കുന്നത്. കമ്യൂണിറ്റ് പാർട്ടി സ്വീകരിക്കുന്നത് ഫാസിസ്റ്റുകൾക്കെതിരെ, സംഘ്പരിവാർ ശക്തികൾക്കെതിരെ പോരാടുന്ന മതേതര ശക്തികളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ്.
മതേതര ശക്തികൾ ഒന്നിക്കേണ്ട തിരഞ്ഞെടുപ്പാണ് നമുക്ക് മുന്നിലുള്ളത്. കേന്ദ്രത്തിലെ ഫാസിറ്റ് ഭരണംപോലെ തന്നെ കേരളത്തിലെ പിണറായി ഭരണവും ജനം വെറുക്കുകയാണ്. നിക്ഷ്പക്ഷ മനസുകൾ സർക്കാറിനെതിരെ കുറ്റപത്രം സമർപ്പിക്കുകതന്നെ ചെയ്യുമെന്നും കെ.എം ഷാജി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ടി.ഒ മോഹനൻ അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി, കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സി.എംപി അസിസ്റ്റന്റ് സെക്രട്ടറി സി.എ അജീർ, യു.ഡി..എഫ് മണ്ഡലം ചെയർമാൻ സി.എം ഗോപിനാഥൻ, നേതാക്കളായ അബ്ദുൽ കരീം ചേലേരി, കെ.ടി സഹദുല്ല, എംപി മുഹമ്മദലി, ജോൺസൺ പി തോമസ്, ടി.വി മോഹനൻ, പ്രൊഫ.എ.ഡി മുസ്തഫ, മാർട്ടിൻ ജോർജ്, പി.സി അഹമ്മദ് കുട്ടി പ്രസംഗിച്ചു. ടി.എ തങ്ങൾ, കെ.പി താഹിർ, സി സീനത്ത്, കെ ഷബീന, ഫാറൂഖ് വട്ടപ്പൊയിൽ, സി സമീർ, എം.എ കരീം, ഷമ മുഹമ്മദ്, റിജിൽ മാക്കുറ്റി, കെ പ്രമോദ്, വി.വി പുരുഷോത്തമൻ, ശ്രീജ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.




