- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടി; സിപിഎം പൂർണമായും രാഷ്ട്രീയവേദിയാക്കി മാറ്റി; രണ്ടരക്കൊല്ലം കഴിഞ്ഞാൽ സിപിഎം മുങ്ങിത്താഴുമെന്നും കെ മുരളീധരൻ
കോഴിക്കോട്: നവകേരള സദസ്സിനെ രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ എംപി. നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന് പ്രതിപക്ഷം പറഞ്ഞത് 101 ശതമാനവും ശരിയായെന്നും ഇതിനെ സിപിഎം പൂർണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരൻ ആരോപിച്ചു.
'ഇന്നലെ തന്നെ പറഞ്ഞത്, ഒരു സ്ഥലത്തുനിന്ന് പരാതി കിട്ടിയാൽ നാൽപ്പത്തഞ്ച് ദിവസത്തിനകം പരിഹരിക്കുമെന്നാണ്. നാൽപ്പത്തഞ്ചു ദിവസമാകുമ്പോഴേക്കും യാത്ര കഴിയും. പിന്നെ അതിന്റെ ക്രേസ് പോകും. ഇത് ആളെ പറ്റിക്കാനാണ് എന്ന് ഞങ്ങൾ പറഞ്ഞത് 101 ശതമാനം ശരിയായി വന്നിരിക്കുകയാണ്', മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ സമയത്ത് ഓൺ ദ സ്പോട്ടിലാണ് പരിഹാരം ഉണ്ടാക്കിയിരുന്നതെന്നും മുരളീധരൻ പറഞ്ഞു. ഇന്ന് അങ്ങനെയില്ല. ജനത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ കഴിയുന്നില്ല. അവരെ നേരെ കൗണ്ടറിലേക്ക് അയക്കുന്നു. അവര് പരാതികൊടുക്കുന്നു. തിരിച്ചു പോരുന്നു. അതിൽ കൂടുതലായി ഒന്നും നടക്കുന്നില്ല. മാത്രമല്ല, ഇതിനെ പൂർണമായും രാഷ്ട്രീയ വേദിയാക്കി മാറ്റി. ഇന്നലെ ഉദ്ഘാടന വേദിയിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും ഉണ്ടായിരുന്നു. സർക്കാർ പരിപാടിയിൽ ഇരുവർക്കുമെന്താ കാര്യം. അവർ ജനപ്രതിനിധികളാണോ അല്ലല്ലോ. നവകേരള സദസ്സ് സർക്കാർ പരിപാടി അല്ല, സിപിഎം. പരിപാടിയാണ് എന്നും മുരളീധരൻ വിമർശിച്ചു.
ലൈഫിന്റെ കെട്ടിടം കൊടുക്കാനുള്ള കാശ് കയ്യിലുണ്ടോ എന്നും മുരളീധരൻ ആരാഞ്ഞു. എന്താണ് ഈ നവകേരള സദസ്സ് നടത്തി ജനങ്ങൾ ഒരു കാര്യത്തിന് സമീപിക്കുമ്പോൾ അതിന് എങ്ങനെ റെസ്പോണ്ട് ചെയ്യാൻ കഴിയും? വീട് ചോദിക്കുന്നു, വീടില്ല. ക്ഷേമപെൻഷൻ ചോദിക്കുന്നു, പെൻഷൻ ഇല്ല. സപ്ലൈകോയിൽ ചെല്ലുമ്പോൾ സബ്സിഡി ഇല്ല. മാവേലി സ്റ്റോറിൽ ചെല്ലുമ്പോൾ പഞ്ചാസാര ഇല്ല. പിന്നെ എന്ത് സദസ്സാണ് നടത്തുന്നത്? ചുരുക്കിപ്പറഞ്ഞാൽ, സർക്കാർ ചെലവിൽ മുഖ്യപ്രതിപക്ഷത്തെ അവഹേളിക്കാനുള്ള ഒരുവേദിയായി നവകേരള സദസ്സ് മാറിയിട്ടുണ്ട്, മുരളീധരൻ വിമർശിച്ചു.
കോൺഗ്രസിന് ഒരിക്കലും മുസ്ലിം ലീഗിനെ സംശയമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഒരിക്കലും ലീഗിനെ ഒരു സംശയവുമില്ല. ഈ ബന്ധം തകർക്കാൻ പിണറായി എത്ര ശ്രമിച്ചാലും നടക്കില്ല. ലീഗുമായി 53 വർഷത്തെ ബന്ധമാണുള്ളത്. അവരും ഒരിക്കലും മാറി ചിന്തിക്കില്ല. കാരണം അരിയിൽ ഷുക്കൂറിനെ പോലുള്ള യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിക്കൊന്നവരാണ് മാർക്സിസ്റ്റ് പാർട്ടി. കെ.എം. ഷാജിയുടെ സ്വത്ത് പിടിച്ചെടുത്ത് ജയിലിൽ ഇടാൻ നോക്കിയവരാണ്. മുനീറിനെതിരായ വിജിലൻസ് അന്വേഷണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു പാർട്ടിയിലേക്ക് സഖ്യകക്ഷിയായി ലീഗ് ഒരിക്കലും പോകില്ല. ഞങ്ങളെ തമ്മിൽ അകറ്റാൻ എത്ര ശ്രമിച്ചാലും നടക്കില്ല. കേരളാ കോൺഗ്രസിനെ കിട്ടിയതു പോലെ എത്ര തലകുത്തിനിന്നാലും ലീഗിനെ കിട്ടില്ല എന്ന് ഞങ്ങൾക്ക് വിശ്വാസമാണ്. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൺഫ്യൂഷൻ ഉണ്ടാക്കാനുള്ള നയത്തിന്റെ ഭാഗമാണ്. ആ നയം എത്ര ഇവർ ആവർത്തിച്ചാലും നടക്കില്ല. മുനീർ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, സിപിഎമ്മിന്റെ ആലയിൽ കെട്ടാനുള്ള പശുവല്ല ലീഗ് എന്ന്. ഒരു ശതമാനം പോലും ഞങ്ങൾക്ക് സംശയമില്ല, മുരളീധരൻ കൂട്ടിച്ചേർത്തു.
സിപിഎം. മുങ്ങുന്ന കപ്പലാണ്. രണ്ടരക്കൊല്ലം കഴിഞ്ഞാൽ പൂർണമായി, ഇങ്ങനെ ഒരു കപ്പലുണ്ടായിരുന്നു എന്ന് അറിയാത്ത തരത്തിൽ മുങ്ങിത്താഴും. രണ്ടരക്കൊല്ലം കഴിഞ്ഞാൽ യു.ഡി.എഫ്. അധികാരത്തിൽ വരും, മുരളീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ