- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു; ജിഎസ്ടിക്ക് ശേഷം നികുതി പിരിക്കാനുള്ള സ്രോതസ്സുകൾ കുറഞ്ഞു: കെ എൻ ബാലഗോപാൽ
പാലക്കാട്: ജിഎസ്ടി നടപ്പാക്കിയതിന് ശേഷം കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിക്ക് ശേഷം നികുതി പിരിക്കാനുള്ള സ്രോതസ്സുകൾ കുറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം കൂടുതൽ ഉൽപ്പാദനത്തിലേക്ക് നീങ്ങണം. കേന്ദ്ര സർക്കാർ ആഡംബര വസ്തുക്കളുടെ നികുതി കുറച്ചതിലൂടെ ജനങ്ങൾക്ക് ഗുണം കിട്ടുന്നതിന് പകരം കമ്പനികൾ നേട്ടം കൊയ്യുന്ന സ്ഥിതിയാണുണ്ടായത്. ഒരു സാധനത്തിന്റെയും വിപണി വില കുറഞ്ഞില്ല. പാവപ്പെട്ടവർക്ക് ഇതുകൊണ്ട് കാര്യവുമില്ല. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. 60 ലക്ഷം വീടുകളിൽ ക്ഷേമ പെൻഷൻ കൊടുക്കുന്നത് തുടരേണ്ട സാഹചര്യം പൊതുജനങ്ങളോട് പറയാനാണ് ബജറ്റിൽ എല്ലാ കാര്യങ്ങളും വിശദീകരിച്ചത്. കേന്ദ്രം എത്ര ഞെരുക്കിയാലും വികസന പ്രവർത്തനങ്ങൾ മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ചേർന്ന നഗര നയം രൂപവത്കരിക്കാൻ അർബൻ കമീഷനെ നിയോഗിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നൂ അദ്ദേഹം. പ്രതിനിധി സമ്മേളനത്തിന് മന്ത്രി എം ബി രാജേഷ് പതാക ഉയർത്തി. കിടങ്ങൂർ സ്വദേശിനി അൽഫോൻസ അഭിവാദ്യ ഗാനം ആലപിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, സി എം കൃഷ്ണൻ, ഡി സുരേഷ് കുമാർ, എം ഒ ജോൺ എന്നിവർ സംസാരിച്ചു.