തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യമൊട്ടാകെയുള്ള ഉൽപ്പാദന കുറവ് പരിഹരിക്കാൻ സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപം കൊണ്ടുവരാനും നടപടി സ്വീകരിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പുതിയ പദ്ധതികളും മാന്ദ്യ വിരുദ്ധ പാക്കേജും പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കേണ്ടത്. എന്നാൽ ഇതൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയുടെ ക്ഷീണം മാറണമെങ്കിൽ ആളുകളുടെ കൈയിൽ പണം എത്തണം. പണം എത്തണമെങ്കിൽ വരുമാനം ഉണ്ടാവണം. എല്ലാ മേഖലയിലും പണം എത്തുന്ന നടപടി സ്വീകരിക്കണം. എന്നാൽ ബജറ്റിൽ ഇതിന് സഹായകരമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല. കാർഷികമേഖലയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു എന്നാണ് അവകാശവാദം. എന്നാൽ ഇത്തവണത്തെ ബജറ്റിൽ കാർഷികമേഖലയ്ക്കായുള്ള വിഹിതത്തിൽ കുറവ് വരുത്തിയതായും ബാലഗോപാൽ ആരോപിച്ചു.

47 ലക്ഷം കോടിയിലധികമാണ് ബജറ്റിന്റെ വലിപ്പം. അതിൽ 17 ലക്ഷം കോടിയും കടമാണ്. അതായത് 36 ശതമാനം. പലിശ ഇനത്തിൽ മാത്രം 12 ലക്ഷം കോടി രൂപയാണ് കൊടുക്കാൻ പോകുന്നത്. കേന്ദ്രസർക്കാർ ആകെ ചെലവിന്റെ 25 ശതമാനം പലിശ കൊടുക്കുകയാണ്. എന്നിട്ടാണ് കേരളത്തിന്റെ അവസ്ഥ ശ്രീലങ്ക പോലെ ആകുമെന്ന് ചിലർ പറയുന്നത്. ജിഡിപിയുടെ 5.8 ശതമാനമാണ് കേന്ദ്രത്തിന്റെ കടം. മുൻവർഷം ജിഡിപിയുടെ 6.4 ശതമാനമായിരുന്നു കടം.

അടുത്ത സാമ്പത്തികവർഷം 5.1 ശതമാനമായി കടം കുറയുമെന്നാണ് സർക്കാരിന്റെ അനുമാനം. കേരളത്തിന് ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. എന്നാൽ കേന്ദ്രം യഥേഷ്ടം കടമെടുക്കുമ്പോൾ കിഫ്ബി വായ്പ അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി രണ്ടരശതമാനമാക്കി കേന്ദ്രം വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.