തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ വീണ്ടും വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ പണം അനുവദിക്കാതിരുന്നാൽ ഒരുപാട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും.

അർഹമായ പണം ലഭിക്കാൻ സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന നിലപാട് സംസ്ഥാനത്തിന് നേരെയുള്ള മർക്കടമുഷ്ടിയാണ് കാണിക്കുന്നത്. സുപ്രീംകോടതിയിൽ കേസ് നൽകുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. അതെങ്ങിനെ തെറ്റാകും. സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകാനുണ്ടെന്ന് ഇപ്പോൾ വ്യക്തമായല്ലോ.

അതിന് പുറമെ നിർബന്ധമായും ഈ മാസം ലഭിക്കേണ്ടുന്ന 13000 കോടി നൽകാനും കേസ് പിൻവലിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. കേസ് കൊടുത്താലും ഇല്ലെങ്കിലും അനുവദിക്കേണ്ട തുകയാണിത്. ഇത് മാത്രമല്ല കേരളം ആവശ്യപ്പെട്ടത്. 14, 15 ധനകമ്മീഷനുകൾ പ്രകാരം ലഭിക്കേണ്ട തുകയും സുപ്രീംകോടതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കോടതിയിലെത്തുമുന്നേ പല തരത്തിൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതാണ്. എന്നിട്ടും അനുവദിച്ചിരുന്നില്ല.

കേരളം മാത്രമല്ല. കർണാടകവും കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിയിൽ സമരം ചെയ്തു. എന്നാൽ സുപ്രീംകോടതിയിൽ കേസ് നൽകി എന്ന്പറഞ്ഞു പണം തരാതെ ഭീഷണിപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും ബാലഗോപാൽ പറഞ്ഞു.