പുന്നയൂർക്കുളം: അവാർഡ് സമർപ്പണ പരിപാടിക്ക് വൈകിയെത്തിയ മന്ത്രി ആർ.ബിന്ദുവിനും എൻ.കെ.അക്‌ബർ എംഎൽഎയ്ക്കുമെതിരെ വേദിയിൽ പ്രതികരിച്ച് എഴുത്തുകാരി കെ.ആർ.മീര. ആൺകോയ്മ ഇന്നും നിലനിൽക്കുന്നുണ്ട്. താൻ 'എഴുത്തുകാരി'യായതുകൊണ്ടാണ് മന്ത്രിയും എംഎൽഎയുമൊക്കെ ഏറെ വൈകിയെത്തിയത്. 'പുരുഷ എഴുത്തുകാരനു'ള്ള അവാർഡ് സമർപ്പണച്ചടങ്ങ് ആയിരുന്നെങ്കിൽ ഈ വൈകൽ സംഭവിക്കില്ലെന്നും മീര വിമർശിച്ചു കൊണ്ട് പറഞ്ഞു.

പുന്നയൂർക്കുളം സാഹിത്യവേദിയുടെ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. വൈകിട്ട് 5ന് തുടങ്ങേണ്ട പരിപാടി 5.30നാണ് ആരംഭിച്ചത്. മന്ത്രിയും എംഎൽഎയും എത്തിയത് 6.45ന്. മന്ത്രിയുടെ പ്രസംഗത്തിനുശേഷമായിരുന്നു മീരയുടെ പ്രസംഗം. ഇതിനുശേഷം എംഎൽഎയും പ്രസംഗിച്ചു. രണ്ടുപേരും മീരയുടെ വാക്കുകളോട് പ്രതികരിച്ചില്ല.