തൃശൂർ: സ്‌കൂളുകളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയപ്പോൾ പഠന നിലവാരവും ഉയർന്നെന്ന് പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പാമ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ 2 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്ലസ്ടു ഹൈടെക്ക് കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരുടെ മക്കൾക്ക് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കി മികച്ച വിദ്യാഭ്യാസമാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പാമ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പഠനനിലവാരവും ഉയർത്തുകയാണ്. കഴിഞ്ഞ അധ്യായന വർഷം 100 ശതമാനം വിജയം സ്‌കൂളിന് നേടാനായി. ചേലക്കര മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് വിദ്യാഭ്യാസമേഖല നവീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവില്ല്വാമല ഗവ. എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 2.49 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഭരണാനുമതിയാകുന്ന മുറയ്ക്ക് വേഗത്തിൽ സ്‌കൂൾ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്ന് നിലകളിലായി രൂപകൽപ്പന ചെയ്തിട്ടുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാം നിലയുമാണ് ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. രണ്ട് കോടി രൂപ ചെലവിൽ 6008 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിനുള്ള നാല് ക്ലാസ്റൂമുകൾ, ടോയ്ലറ്റുകൾ, സ്റ്റാഫ് റൂം, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, വരാന്ത എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം. കെട്ടിട ഉദ്ഘാടന ചടങ്ങനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നടന്നു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷയായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ അഷറഫ്, തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ് ഉദയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗം വിനി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പ്രിൻസിപ്പാൾ ഡോ. പി. സുകുമാരൻ, പ്രധാന അദ്ധ്യാപിക വി എം സുനിത, മുൻ പിടിഎ പ്രസിഡന്റ് പീതാംബരൻ, പിടിഎ പ്രസിഡന്റ് വൈ.സി സുരേഷ്, എംപിടിഎ പ്രസിഡന്റ് ടി.എ സജിത, എസ്എംസി ചെയർപേഴ്സൺ കെ. സംഗീത, സ്‌കൂൾ ചെയർമാൻ കെ.കെ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.