തിരുവനന്തപുരം: മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. ദേവസ്വം, പട്ടികജാതി വികസനം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. പകരം മന്ത്രിയുടെ കാര്യത്തിൽ സിപിഎം ഇനിയും തീരുമാനം എടുത്തിട്ടില്ല.

കെ.രാധാകൃഷ്ണൻന്റെ രാജി ഗവർണർ അംഗീകരിച്ചതിനു പിന്നാലെയാണ് നടപടി. ലോക്‌സഭാ എംപിയായി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്ത് നിന്ന് ജയിച്ചത് രാധാകൃഷ്ണൻ മാത്രമാണ്. രാധാകൃഷ്ണന് പകരം പലരുടേയും പേരുകൾ മന്ത്രിയാകുന്നതിന് പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സിപിഎം ഉടൻ അന്തിമ തീരുമാനം എടുക്കും. മാനന്തവാടി എംഎൽഎ കേളുവിനാണ് കൂടുതൽ സാധ്യത.