തൃശ്ശൂർ: കേരളത്തിന് അസാധ്യമായി ഒന്നുമില്ല, അതിദാരിദ്ര്യ നിർമ്മാർജ്ജനം മുതൽ വിഴിഞ്ഞം സീ പോർട്ട് വരെ എത്തിനിൽക്കുന്ന വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവ കേരള സദസ്സ് തൃശ്ശൂർ നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനങ്ങളുമായാണ് കേരളം മുന്നോട്ടുപോകുന്നത്. പ്രതിസന്ധി ഘട്ടത്തിലും സർക്കാർ എല്ലാ വിഭാഗങ്ങളെയും ഉൾച്ചേർത്ത് വികസനം ഉറപ്പാക്കി. കേരളം കോവിഡിനെ നേരിട്ടതിൽ ഉൾപ്പെടെയുള്ള പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. നവ കേരള സദസ്സിലൂടെ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം 2001 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയർമാനായി തൃശ്ശൂർ നിയോജക മണ്ഡലം എംഎൽഎ പി ബാലചന്ദ്രനെയും രക്ഷാധികാരികളായി തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ്, മുൻ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രൻ, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, മുൻ കൃഷി വകുപ്പ് മന്ത്രി വി ആർ സുനിൽകുമാർ, മുൻ എംഎൽഎയും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം കെ കണ്ണൻ എന്നിവരെയും കോർഡിനേറ്ററായി ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായയേയും തിരഞ്ഞെടുത്തു. 9 വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ഡിസംബർ അഞ്ചിന് വൈകീട്ട് ആറുമണിക്ക് നവ കേരള സദസ്സ് നടക്കും. സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കൊപ്പം വാർഡ്, കുടുംബയോഗങ്ങളും സംഘടിപ്പിച്ച് മണ്ഡലത്തിലെ മുഴുവൻ ആളുകളെയും നവ കേരള സദസ്സിൽ ഭാഗമാക്കും. എല്ലാവരുടെ പരാതികളും പരിഗണിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണമാണ് സംഘാടകസമിതി ഒരുക്കുന്നത്.

സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി, കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, ടാക്സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാറാമ്മ റോബ്സൺ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ എ ഡി ജോസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.