- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംവി ഗോവിന്ദൻ കാര്യസ്ഥൻ; ഇപി കൊട്ടാരം വിദൂഷകൻ; എല്ലാ ഏകാധിപതികൾക്കെതിരേയും ഉയർന്ന മാനവരാശിയുടെ നിലവിളിയാണ് എംടിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കെ സുധാകരൻ എംപി
തിരുവനന്തപുരം: അമ്മായി അച്ഛനും മരുമകനും ചേർന്ന് സിപിഎമ്മിലെ കാര്യങ്ങൾ തീരുമാനിക്കുന്നതുപോലെയല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപാർട്ടിയായ കോൺഗ്രസിൽ തീരുമാനങ്ങൾ ഉണ്ടാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. അയോധ്യയിൽ കോൺഗ്രസ് നിലപാട് മാറ്റിയത് ഇടതുപക്ഷ സ്വാധീനം മൂലമാണെന്ന് വിളിച്ചുപറയുന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വെറുമൊരു കാര്യസ്ഥൻ മാത്രമാണ്. സിപിഎം പോളിറ്റ്ബ്യൂറോയും സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ ഇന്ന് വെറും രണ്ടുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന കോൺഗ്രസിന്റെ തീരുമാനം സുചിന്തിതവും സുവ്യക്തവുമാണ്. നിരവധി തവണ യോഗം ചേർന്ന് ദിവസങ്ങൾ ചർച്ച ചെയ്തെടുത്ത തീരുമാനമാണിത്. ഇത് കോൺഗ്രസിന്റെ പരമ്പരാഗതമായ മതനിരപേക്ഷമൂല്യങ്ങളെ വാനോളം ഉയർത്തിപ്പിടിച്ചെന്നു സുധാകരൻ ചൂണ്ടിക്കാട്ടി
ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണമെന്ന 1987ലെ ഇഎംഎസിന്റെ നിലപാടും 1989ൽ വിപി സിങ് സർക്കാരിന്റെ ഇടത്തും വലത്തുമായി സിപിഎമ്മും ബിജെപിയും ചേർന്നിരുന്നതുമൊക്കെയാണ് അയോധ്യാവിഷയം വഷളാക്കിയത്. ഇന്ത്യാമുന്നണിയിലേക്ക് പ്രതിനിധിയെപ്പോലും അയക്കാൻ വിസമ്മതിക്കുന്ന സിപിഎം എക്കാലവും സംഘപരിവാർ ശക്തികളുടെ കോടാലിക്കൈയായിരുന്നു. അഞ്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസ് അരിച്ചുപെറുക്കിയിട്ടും പിണറായി വിജയനെതിരേ ഒരു എഫ്ഐആർപോലും ഇടാത്തതും 37 തവണ ലാവ്ലിൻ കേസ് മാറ്റിവച്ചതുമൊക്കെ ഈ ബാന്ധവത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്.
എംടി വാസുദേവൻ നായരുടെ പ്രസംഗം മോദിക്കെതിരേയാണെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമില്ലെന്നുമുള്ള ഇടതുപക്ഷ കൺവീനർ ഇപി ജയരാജന്റെ പ്രസ്താവന കൊട്ടാരം വിദൂഷകൻ എന്ന നിലയ്ക്കാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പിണറായി സ്തുതിപാഠകരുടെ സംഘനേതാവാണ് ജയരാജൻ. എല്ലാ ഏകാധിപതികൾക്കെതിരേയും ഉയർന്ന മാനവരാശിയുടെ നിലവിളിയാണ് എംടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. അതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്കുവേണ്ടിയാണ് മോദിയും പിണറായിയും തമ്മിൽ മത്സരിക്കുന്നത്. താൻ മലയാളത്തിലാണ് സംസാരിച്ചതെന്നും മലയാളം അറിയാവുന്നവർക്കെല്ലാം താൻ പറഞ്ഞത് മനസിലാകുമെന്നും എംടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുകളിൽ കയറിയൊരു ഭാഷ്യം നല്കാൻ ശ്രമിക്കുന്നതുകൊട്ടാരം വിദൂഷകന്റെ ചുമതലയാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.




