കണ്ണൂർ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിക്കുമ്പോൾ അവർക്ക് യാതൊരു ഉളുപ്പുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരാളെ കുറിച്ചുള്ള ആരോപണമുന്നിയച്ചാൽ ജനങ്ങളുടെ മുൻപിൽ അങ്ങനെയൊന്നില്ലെന്നു പറയാനോ തെളിയിക്കാനോ ശ്രമിക്കുക അങ്ങനെയൊന്നുമില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ യാതൊരു ഉളുപ്പുമില്ലാത്ത വർഗമാണ് പിണറായി വിജയനും കുടുംബവുമെന്ന് സുധാകരൻ പറഞ്ഞു.

'നാണവും മാനവും ഉളുപ്പുമുള്ളവർക്കെ ഇതൊക്കെ ബാധകമാകൂ. ഉളുപ്പെന്നാൽ ലജ്ജയെന്നാണ്. ഇതു ആദ്യത്തെ സംഭവമല്ലല്ലോ. അവർ വീണ്ടും ആവർത്തിക്കുകയാണ്. ജനങ്ങളെ ജനാധിപത്യസമൂഹത്തിൽ നിന്നും മാറ്റി ഞങ്ങൾ ഇതിനൊക്കെ അപ്പുറത്താണെന്ന് കരുതുകയാണ് സ്വയം അച്ഛനും മകളും. അവർ ഇപ്പോൾ നല്ല പുസ്തകമെഴുതുകയാണെന്ന് സുധാകരൻ പരിഹസിച്ചു.

യു. എ. ഇ ബാങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന് രഹസ്യ അക്കൗണ്ടുണ്ടെന്നു കഴിഞ്ഞ ദിവസം ഷോൺജോർജ് ആരോപിച്ചിരുന്നു. എസ്.എൻ.സി ലാവ്ലിൻ ഉൾപ്പെടെയുള്ള വൻകിടകമ്പനികൾ ഈ അക്കൗണ്ടിൽ പണം നിക്ഷേപിച്ചുവെന്ന ആരോപണമാണ് ഷോൺ ജോർജ് ഉന്നയിച്ചത്. എന്നാൽ ഗൗരവമേറിയ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രിയും കുടുംബവും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.

നെയ്യാർ ഡാമിലെ കെ. എസ്.യു ക്യാംപിലുണ്ടായ തമ്മിലടിയിൽ അഖിലേന്ത്യാകമ്മിറ്റി നടപടിയെടുക്കും. അലോഷ്യസ് സേവ്യറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്കറിയില്ലെന്നും സുധാകരൻ പറഞ്ഞു.