തിരുവനന്തപുരം: തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി വിജയൻ എന്ന ഒറ്റയാളുടെ ധാർഷ്ട്യവും ക്രിമിനൽ മനസുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കല്യാശേരി മുതൽ കൊല്ലം വരെ മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ഗൺമാന്മാരും പൊലീസുകാരും ഡിവൈഎഫ്ഐക്കാരും തല്ലിച്ചതച്ചതിനോടുള്ള യുവജനങ്ങളുടെ അണപൊട്ടിയ വികാരമാണ് യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഫലിച്ചതെന്നും കെ സുധാകരൻ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പെൺകുട്ടികളുടെ വസ്ത്രം വലിച്ചു കീറി. ഡി.സി.സി ഓഫീസിൽ കയറാൻ പോലും പൊലീസ് ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് സമരം വൻവിജയമാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് സുധാകരൻ പറഞ്ഞു.

കുട്ടികളെ അകാരണമായി തല്ലരുതെന്ന് താൻ നേരത്തെ പിണറായിക്ക് മുന്നറിയപ്പ് നല്കിയതാണ്. പരമാവധി സംയമനം പാലിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് പ്രക്ഷോഭത്തിലേക്കിറങ്ങിയത്. കോൺഗ്രസിന്റെ യഥാർത്ഥ സമരമുറകൾ പിണറായി കാണാനിരിക്കുന്നതേയുള്ളു. 21നു നടക്കുന്ന കെ.എസ്.യു പ്രക്ഷോഭത്തിലും 23നു നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ജനരോഷം ഇളകി മറിയും. കേരളത്തിന്റെ വികാരം പിണറായി വിജയൻ തിരിച്ചറിയണം. പിണറായിയുടെ പാദസേവകരല്ല തങ്ങളെന്നു പൊലീസും മനസിലാക്കണം.

ഗവർണർക്കെതിരേയുള്ള ഡിവൈഎഫ്ഐയുടെ സമരം നേരിട്ടപ്പോഴും യൂത്ത് കോൺഗ്രസ് സമരം നേരിട്ടപ്പോഴും പൊലീസിന്റെ ഇരട്ടവേഷം ജനങ്ങൾ കണ്ടതാണ്. നവകേരള യാത്ര നരകയാത്രയാക്കി മാറ്റിയ പിണറായി വിജയൻ ഇനിയെങ്കിലും പാഠം ഉൾക്കൊള്ളണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.