- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയത പ്രചരിപ്പിക്കുന്നതിലും ഷംസീറിന്റെ മുത്താപ്പയാണ് മുഹമ്മദ് റിയാസ്; എം വി ഗോവിന്ദന്റെ പരാമർശം തിരുത്താനുള്ള ശക്തി റിയാസിനുണ്ടെങ്കിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്; പാർട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസെന്നും കെ സുരേന്ദ്രൻ
കൊച്ചി: വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അടുത്തകാലത്തായി വലിയ തോതിലുള്ള സാമുദായിക ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. എംവി ഗോവിന്ദന്റെ പരാമർശം തിരുത്താനുള്ള ശക്തി റിയാസിനുണ്ടെങ്കിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്. റിയാസിന്റെ നേതൃത്വത്തിൽ സിപിഎം നടത്തുന്ന മുസ്ലിം വോട്ടിന് വേണ്ടിയുള്ള പ്രാകൃതസമീപനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. ഇന്ന് റിയാസ് പറയുന്നു ഷംസീർ പറഞ്ഞതാണ് ശരിയെന്ന്. അതിനർഥം ഗോവിന്ദന് ആ പാർട്ടിയിൽ ഒരു വിലയും ഇല്ല. പാർട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കുകയാണ് സിപിഎം ലക്ഷ്യം. ഭരണപരാജയം മറച്ചുപിടിക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വർധിപ്പിക്കാനുള്ള ബോധപൂർവമായ വർഗീയ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ ഗണപതി നിന്ദ. ഇന്നലെ എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവുനയം മാത്രമായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
ഷംസീർ മാപ്പുപറയുന്നതുവരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ബിജെപി തീരുമാനം. മാർക്സിസ്റ്റുപാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വർഗീയ ഭ്രാന്തിനെതിരെ കേരളത്തിലുടനീളം സമാധാനപരമായ പ്രതിഷേധം ശക്തിപ്പെടുത്തും. എട്ടാം തീയതി നിമയസഭയ്ക്ക് മുന്നിൽ യുവമോർച്ച പ്രതിഷേധം നടത്തും. പത്താം തീയതി നിയമസഭയ്ക്ക് മുന്നിൽ ബിജെപി നാമജപ ഘോഷയാത്ര നടത്തും. ഏഴാം തീയതി നിയമസഭ ആരംഭിക്കുമ്പോൾ എഎൻ ഷംസീറിന്റെ അധ്യക്ഷതയിൽ നിയമസഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാൻ തയ്യാറാകുമോ എന്നതാണ് കോൺഗ്രസിനോട് ചോദിക്കാനുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ