തൃശ്ശൂർ: ബിജെപിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സിപിഎമ്മും കോൺഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുകയാണെന്നും തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി തന്നെ നിർദേശിച്ച സ്‌നേഹയാത്ര മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ വൈദികൻ ഉൾപ്പെടെ ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്ന വൈദികനെയും സ്‌നേഹസംഗമത്തിൽ ആശംസ നേർന്ന വൈദികനെയും മോശമായ രീതിയിലാണ് കോൺഗ്രസും സിപിഎമ്മും അവഹേളിക്കുന്നത്. മോദിയുടെ തൃശ്ശൂർ സന്ദർശനം ചരിത്രം സൃഷ്ടിക്കും. അയോധ്യയിലെ രാമക്ഷേത്രത്തെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസുണ്ടാവില്ലെന്ന് ഇവർ തിരിച്ചറിയണം.

ബിജെപി ഏറ്റവും പ്രഗൽഭരായവരുടെ സ്ഥാനാർത്ഥി ലിസ്റ്റാവും പുറത്തിറക്കുക. യുഡിഎഫിലെ 19 എംപിമാരും നിർഗുണ പരബ്രഹ്‌മങ്ങളാണ്. എൽഡിഎഫിന്റെ ആരിഫിനാണെങ്കിൽ പാർലമെന്റിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല. 50 സീറ്റ് പോലും തികയ്ക്കാനാവാത്ത രാഹുൽഗാന്ധിക്ക് വോട്ട് ചെയ്തതുകൊണ്ടോ ചിത്രത്തിലേ ഇല്ലാത്ത സിപിഎമ്മിന് വോട്ട് ചെയ്തതുകൊണ്ടോ കേരളത്തിലെ ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോവുന്നില്ല. ഹാട്രിക്ക് വിജയത്തിലേക്ക് പോവുന്ന നരേന്ദ്ര മോദി സർക്കാരിൽ പങ്കാളിത്തം ഉറപ്പിക്കാനാണ് മലയാളികൾ ശ്രമിക്കേണ്ടത്. ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവർക്കാണ് വോട്ട് ചെയ്യേണ്ടത്. കേരളത്തിലും ദക്ഷിണേന്ത്യയിലും ബിജെപിയുടെ അടിത്തറ വർദ്ധിപ്പിക്കാൻ നല്ല പരിശ്രമമുണ്ടാവുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വികസനം ഉറപ്പ് വരുത്താൻ മോദി ശ്രമിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ചാണ് കേന്ദ്രസർക്കാർ പോവുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.