കോട്ടയം: കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ് കാർഡ് പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കമാണെന്നും അതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഇരുമുന്നണികളും പ്രവാസികളെ കറവപശുക്കളായിട്ടാണ് കാണുന്നത്. ലോക കേരള സഭകൊണ്ട് പ്രവാസി മലയാളികൾക്ക് എന്ത് ഗുണമുണ്ടായെന്ന് സർക്കാർ വ്യക്തമാക്കണം.

ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിച്ചോ? ലേബർ ക്യാമ്പുകളിൽ കഴിയുന്നവരെ കാണാൻ പോലും മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല.എന്ത് നിക്ഷേപമാണ് കേരളത്തിൽ ഉണ്ടായത്? ലോക കേരള സഭയിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്ത്? നിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ എന്തൊക്കെ ചെയ്തു? ഓരോ വർഷവും സംരംഭകർ കേരളത്തിൽ നിന്ന് ഓടുകയാണ്. വ്യവസായം തുടങ്ങുന്നവർ ആത്മഹത്യ ചെയ്യേണ്ടി വരുന്നു.

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെയാണ് വീണ ജോർജ് കുവൈറ്റിലേക്ക് പുറപ്പെട്ടത്.കുവൈറ്റിൽ പോയി സഹായം ചെയ്യാൻ അല്ല വീണ ജോർജിനെ അയയ്ക്കാൻ തീരുമാനിച്ചത്. ആശ്വസിപ്പിക്കാൻ പോയവരെ തടഞ്ഞു എന്ന് വൈകാരിക തലം സൃഷ്ടിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.കേരളം ഒരു സ്വതന്ത്രരാജ്യമായി കാണിക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

വിദേശരാജ്യങ്ങളുമായി നേരിട്ട് ബന്ധമെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ട്. മറ്റു സംസ്ഥാനങ്ങൾ എല്ലാം വിദേശകാര്യ മന്ത്രാലയം വഴിയാണ് മറ്റു രാജ്യങ്ങളെ ബന്ധപ്പെടുന്നത്. കേരളം നയതന്ത്ര, വിദേശകാര്യ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇടപെടലുകൾ നടത്താൻ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.ഇന്ത്യൻ യൂണിയന്റെ ഭാഗമല്ല കേരളം എന്നാണ് പലപ്പോഴും കേരള സർക്കാർ നിലപാട്. യുഎഇ കോൺസുലേറ്റുമായുള്ള നേരിട്ടുള്ള ഇടപെടൽ, റെഡ്‌ക്രോസുമായുള്ള ഇടപെടൽ എന്നിവയിലൂടെ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ വ്യക്തമായതാണ്. അമിതാധികാര പ്രയോഗമാണ് സർക്കാർ നടത്തുന്നത്. അത്തരം ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന് പറയുകയാണ്. ഇന്നലെ രണ്ട് പ്രവാസി സുഹൃത്തുക്കളുടെ സംസ്‌കാര ചടങ്ങ് തിരുവനന്തപുരത്ത് നടന്നിട്ടും അവിടേക്ക് പോവാതെ ലോക കേരള സഭയുടെ ഡിന്നർ കഴിക്കാനാണ് മുഖ്യമന്ത്രി പോയതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.