വടകര: ശബരിമലയിൽ ദർശനം കിട്ടാതെ മാലയൂരി മടങ്ങിയത് കപടഭക്തരാണെന്ന് നിയമസഭയിൽ പറഞ്ഞ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മറ്റേതെങ്കിലും സമുദായത്തിലെ ആചാരങ്ങളെപ്പറ്റി ഇത്തരത്തിൽ സംസാരിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. എൻ.ഡി.എ. കേരളപദയാത്രയുടെ ഭാഗമായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിശ്വാസികളുടെ ആചാരത്തെയാണ് മന്ത്രി അവഹേളിച്ചത്. വേറെ ഏതെങ്കിലും സമുദായത്തിലെ ആചാരങ്ങളോട് ഈ രീതിയിൽ സംസാരിക്കാൻ ധൈര്യമുണ്ടാകുമോ എന്ന് മന്ത്രി വ്യക്തമാക്കണം. ഇദ്ദേഹമൊക്കെ ഏത് നാട്ടിലെ ദേവസ്വം മന്ത്രിയാണ്. 18 മുതൽ 20 മണിക്കൂർ വരെ ഭക്തർക്ക് ശബരിമലയിൽ ക്യൂ നിൽക്കേണ്ടി വന്നു. കുടിക്കാൻ വെള്ളമില്ല, തിരക്ക് നിയന്ത്രിക്കാൻ സംവിധാനമില്ല, അവസാനം കുഴഞ്ഞുവീഴുമ്പോൾ അവർ എന്തു ചെയ്യണം. അവർ തിരിച്ചുപോയി,' - കെ. സുരേന്ദ്രൻ പറഞ്ഞു.

മാലയിട്ട് വ്രതമെടുത്ത് ശബരിമലയ്ക്ക് പോകുന്ന ഭക്തർക്ക് ദർശനം കിട്ടാതെ വരുമ്പോൾ മാനസിക പ്രശ്നമുണ്ടാകും. മാലയൂരി പ്രായശ്ചിത്തം ചെയ്ത് തിരിച്ചുപോവുകയാണ് ആ ഘട്ടത്തിൽ ഭക്തർ ചെയ്യുക. ഇത് ആചാരമാണെന്നും ഇതിനെയാണ് മന്ത്രി അവഹേളിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെല്ലപ്പെട്ടി ചുമക്കുന്ന ആളായി മാറിയെന്നും ആരോപിച്ചു.

'മാസപ്പടി കേസ് നിയമസഭയിൽ പരാമർശിക്കാൻ പോലും ഇഷ്ടപ്പെടാത്ത ആളാണ് സതീശൻ. കാരണം മാസപ്പടി കേസിൽ ഒട്ടേറെ നേതാക്കൾ യു.ഡി.എഫിൽ നിന്നുള്ളവരാണ്. റബ്ബറിന് 250 രൂപ നൽകുമെന്ന് പറഞ്ഞത് പിണറായിയാണ്. പിണറായിയെ പിടിക്കാതെ മോദിക്കുനേരെ സതീശൻ തിരിയുമ്പോൾ ഇതിൽ നിന്ന് മനസിലാകുന്നത് സതീശൻ പ്രതിപക്ഷനേതാവല്ല, മന്ത്രിസഭയിലെ 21-ാമത്തെ മന്ത്രിയാണെന്നാണ്. പ്രതിപക്ഷ ധർമം നിർവ്വഹിക്കാനാണ് സതീശനെ നിയമസഭയിലേക്ക് അയച്ചത്. അല്ലാതെ മുഖ്യമന്ത്രിയുടെ ചെല്ലപ്പെട്ട് ചുമക്കാനല്ല,' സുരേന്ദ്രൻ പറഞ്ഞു.