കോഴിക്കോട്: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തുന്നത് പൊറോട്ട തിന്നാൻ മാത്രമാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം അഡ്രസ് ചെയ്യാൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ഈ എംപിയെ ചുമക്കേണ്ട ഗതികേടിലാണ് കേരളം നിൽക്കുന്നതെന്നും ഇനിയും രാഹുൽ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാൻ മലയാളികൾ തയ്യാറായാൽ അത് ശാപമായിരിക്കുമെന്നും സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിലെ സാഹചര്യം കേന്ദ്ര വനം പരിസ്ഥിതിയെ മന്ത്രി ഉപേന്ദ്രയാദവിനെ അറിയിച്ചതായി സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ നോക്കുകുത്തിയായാണ് സംസ്ഥാനസർക്കാരിന്റെ ഇടപെടൽ. സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ഉണ്ടാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

'വയനാട്ടിൽ സർവകക്ഷി യോഗം ചേർന്നിട്ട് കാര്യമില്ല. പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു പ്രതിസന്ധിയെയും തരണം ചെയ്യാനാവാത്ത കാലഹരണപ്പെട്ട സർക്കാരാണ് പിണറായിയുടേത്. കാൽനൂറ്റാണ്ട് പിറകിലാണ് പിണറായിയുടേയും എകെ ശശീന്ദ്രന്റെയും സ്ഥാനം. ഇവർക്ക് ഒന്നിനെ പറ്റിയും ധാരണയില്ല. ആനകളെ എങ്ങനെ സംരക്ഷിക്കണം, വന്യജീവികളോട് എന്തുനിലപാട് സ്വീകരിക്കണമെന്ന് പറഞ്ഞാൽ മനസിലാവുന്ന ഒരു കൂട്ടരല്ല. എക്സപയറി ഡേറ്റ് കഴിഞ്ഞവരാണ്. ഇത്തരമൊരു നേതൃത്വത്തെ ചുമക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനങ്ങൾ'- സുരേന്ദ്രൻ പറഞ്ഞു.

'രാഹുൽ ഗാന്ധിയാണ് അവിടുത്തെ എംപി. ആണ്ടിനും സംക്രാന്തിക്കും മാത്രമാണ് അയാളെ അവിടെ കാണുന്നത്. വന്നാൽ തന്നെ നിൽക്കാൻ സമയമില്ല. രണ്ടുപൊറോട്ടയും കഴിച്ചിട്ട് അയാൾ പോകുകയാണ്. ഇങ്ങനെയൊരു ജനപ്രതിനിധിയെ കൊണ്ടാണ് എന്താണ് കാര്യം. അവിടെ ഒരു യോഗത്തിനുപോലും രാഹുൽ ഗാന്ധി വന്നിട്ടില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോലും രണ്ടുതവണ അവിടെ വന്നിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം രാഹുൽ അഡ്രസ് ചെയ്തിട്ടുണ്ടോ?. ഈ ഗതികേടിലാണ് കേരളം നിൽക്കുന്നത്. ഇനിയും രാഹുൽ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാൻ മലയാളികൾ അത് തയ്യാറായാൽ അത് ശാപമായിരിക്കും. രാമനാട്ടുകരയിലും അടിവാരത്തുംവന്ന് പോറോട്ട കഴിച്ച് പോകാനല്ല വയനാട്ടുകാർ രാഹുലിനെ തെരഞ്ഞെടുത്തത്. എംപി എന്ന നിലയിൽ അദ്ദേഹം ദയനീയ പരാജമാണ്'- സുരേന്ദ്രൻ പറഞ്ഞു.