തിരുവനന്തപുരം: മദ്യനയ വിവാദത്തിൽ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പണം കിട്ടാൻ മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്ന പിണറായി വിജയൻ മാതൃകയാക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജരിവാളിന് കോടതിയിൽ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നടത്താൻ മദ്യ നയത്തിൽ മാറ്റം വരുത്താനായി യോഗം ചേരുകയും ബാറുടമകളിൽ നിന്ന് പണപ്പിരിവ് തുടങ്ങുകയും ചെയ്തിട്ടും രണ്ടു മന്ത്രിമാർ ഇതിനെ ന്യായീകരിക്കുകയാണ്. മദ്യനയത്തെക്കുറിച്ച് ചർച്ച നടന്നിട്ടേ ഇല്ലെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാൻ കഴിയില്ല. ഡൽഹിയിൽ മദ്യകുംഭകോണം നടത്തിയ എക്സൈസ് മന്ത്രി ഒന്നര വർഷമായ ജയിലിൽ കിടക്കുന്ന കാര്യം മന്ത്രിമാരായ എം.ബി രാജേഷും റിയാസും ഓർക്കണം.

ബാർകോഴ അഴിമതി നടത്തിയ യു.ഡി.എഫുകാർക്ക് പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കാൻ എന്തവകാശമാണ് ഉള്ളത്? അഴിമതിക്കെതിരെയുള്ള ജനരോഷം തിരിച്ചുവിടാനുള്ള സേഫ്റ്റിവാൾവ് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ഗീർവാണ പ്രസംഗങ്ങൾ. ഇതിൽ ആത്മാർത്ഥതയുടെ കണിക പോലുമില്ല. കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.