തിരുവനന്തപുരം: കെ വാസുകിക്ക് വിദേശ സഹകരണത്തിന്റെ ചുമതല നല്‍കിയതില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയില്‍ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നാലേ പ്രതികരിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കെ വാസുകിക്ക് വിദേശസഹകരണത്തിന്റെ ചുമതല കൂടി കേരളം നല്‍കിയത് നേരത്തെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കേരളം വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചു എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വിദേശകാര്യ സെക്രട്ടറിയെന്നത് വ്യാജ വാര്‍ത്തയാണെന്നായിരുന്നു ചീഫ് സെക്രട്ടറി വി വേണു വിശദീകരിച്ചത്.

വിദേശ ഏജന്‍സികളുമായി ഏകോപനത്തിന് ഇതാദ്യമായല്ല ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തിയാണ് ഇതിനുള്ള മറുപടി തയ്യാറാക്കിയെത്തിയ വിദേശകാര്യ വക്താവ് അറിയിച്ചത്.

ഭരണഘടന ലംഘനം കേരളം നടത്തുന്നുവെന്ന സൂചന നല്‍കിക്കൊണ്ടാണ് വിദേശകാര്യ വിഷയങ്ങളില്‍ കൈകടത്തരുത് എന്നാണ് താക്കീത്. ഇതാദ്യമായല്ല കേരളത്തിനും കേന്ദ്രത്തിനുമിടയില്‍ വിദേശകാര്യ വിഷയങ്ങളില്‍ തര്‍ക്കം പ്രകടമാകുന്നത്. പ്രളയകാലത്ത് കേരളത്തിന് നേരിട്ട് സഹായം നല്‍കാന്‍ ചില ഗള്‍ഫ് രാജ്യങ്ങളും സംഘടനകളും തയ്യാറായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. മന്ത്രിമാരുടെ വിദേശ യാത്രകള്‍ക്കുള്ള രാഷ്ട്രീയ അനുമതി നല്‍കാത്ത സംഭവങ്ങളുമുണ്ടായി. ഇപ്പോള്‍ ചുമതല കിട്ടിയിരിക്കുന്ന ഉദ്യോഗസ്ഥ നേരിട്ട് വിദേശ ഏജന്‍സികളുമായി ബന്ധപ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് വിദേശകാര്യ വൃത്തങ്ങള്‍ നല്‍കുന്നത്.