മലപ്പുറം: നിരവധി വധശ്രമക്കേസുകളിലും, കഞ്ചാവ്, എംഡിഎംഎ ലഹരിക്കടത്തിലും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ അജ്നാസ് (39) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പെരിന്തല്‍മണ്ണയിലും പുറത്തും നിരവധി വധശ്രമക്കേസുകളിലും, കഞ്ചാവ്, എംഡിഎംഎ ലഹരിക്കടത്ത്, ഉള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജ്നാസിനെ മുന്‍പ് കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ബെംഗളൂരുവില്‍, ഒളിവില്‍ കഴിഞ്ഞിരുന്ന അജ്നാസ് രാത്രിയില്‍ രഹസ്യമായി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുന്‍പ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലയില്‍ പ്രവേശനവിലക്കിന്റെ കാലാവധി തീര്‍ന്നതോടെ അജ്നാസ് നാട്ടിലെത്തി അങ്ങാടിപ്പുറത്ത് വച്ച് നടന്ന വധശ്രമ കേസില്‍ പ്രതിയാവുകയും ചെയ്തതോടെ വീണ്ടും കാപ്പനിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് മലപ്പുറം ജില്ലാകലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.ഷിജോ.സി.തങ്കച്ചന്‍, അഡീ.എസ്.ഐ. ഷാഹുല്‍ ഹമീദ് , സിപിഒ മാരായ സല്‍മാന്‍, ജയന്‍, നിഖില്‍, കൃഷ്ണപ്രസാദ്എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.