മലപ്പുറം: കാലിക്കറ്റ് സർവകലാശാല പരിസരം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വില്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ . വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശി ഇമ്രാൻ അലി ഷെയ്ക്ക് (28) ആണ് പിടിയിലായത്.

സർവകലാശാലക്ക് സമീപം കോഹിനൂരിൽ വച്ചാണ് അഞ്ച് കിലോയോളം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെ കുറിച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു . ഇയാളുടെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് നാട്ടിൽ കേസുണ്ട്. ഇതിൽ പിടിക്കപ്പെട്ട് ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ .പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ് പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം എസ് ഐ വിപിൻ വി പിള്ള , കൃഷ്ണദാസ്, അനീഷ്, വിവേക്, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

മുറികൾ വാടകക്കെടുത്ത് താമസിച്ച് മോഷണവും ലഹരി മരുന്ന് വിൽപ്പനയും നടത്തുന്ന യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി കഴിഞ്ഞ ദിവസം വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് അത്തോളി മേനേത്ത് വീട്ടിൽ രാഹുൽ രാജ് (23), പാലക്കാട് അലനെല്ലൂർ അത്താണിപ്പടി സ്വദേശി തെയ്യോട്ട് പാറക്കൽ വീട്ടിൽ ഖാലിദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജുകൾ മാറി മാറി താമസിച്ച് പരിസര പ്രദേശങ്ങളിൽ മോഷണവും ലഹരി വിൽപ്പനയും നടത്തിയ കേസുകളിൽ പ്രതികളാണ് പിടിയിലായവർ. വളാഞ്ചേരി ആയിഷ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയ്ക്കിടെ സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അക്രമിച്ചും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്.

രാഹുൽ രാജ് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിരവധി മോഷണ കേസുകളിലും പൊലീസിനെ കയ്യേറ്റം ചെയ്ത കേസിലും, ലഹരി മരുന്ന് കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഖാലിദ് നിരവധി ലഹരി മരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും മോഷണം പോയ ബൈക്ക് ഇവരിൽ നിന്നും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്.എച്ച്. ഒ ജലീൽ കരുത്തേടത്, എസ്‌ഐ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ,ജയപ്രകാശ്, ഉദയൻ,വിനീത് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.