കണ്ണൂർ: കഴിഞ്ഞ ഒമ്പതു ദിവസങ്ങളായി കണ്ണൂരിലെ ജനങ്ങൾക്ക് ഉത്സവ രാവുകൾ സമ്മാനിച്ചുകൊണ്ട് നടന്നു വന്ന കണ്ണൂർ ദസറക്ക് കൊടിയിറങ്ങി. കണ്ണൂർ കോർപ്പറേഷൻ കുടുംബശ്രീ അവതരിപ്പിച്ച 250 ഓളം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരയോടു കൂടിയാണ് സമാപന ദിവസത്തെ പരിപാടിക്ക് തുടക്കം കുറിച്ചത്.

സമാപന സമ്മേളനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡോ.എം പി അബ്ദുസമദ് സമദാനി എം പി, ടി പത്മനാഭൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ വി സുമേഷ് എംഎൽഎ, പ്രശസ്ത സിനിമ കളറിസ്റ്റ് ലിജു പ്രഭാകർ, അഡ്വ.മാർട്ടിൻ ജോർജ്, അഡ്വ. അബ്ദുൽ കരീം ചെലേരി, പരിപാടിയുടെ പ്രധാന സ്‌പോൺസർമാരായ ഇറാം ഗ്രൂപ്പ് സി ഇ ഒ അശോക് കുമാർ, കനറ ബാങ്ക് ഡിവിഷനൽ മാനേജർ റെജി ആർ ആർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

തുടർന്ന് നിയാസ് കണ്ണൂർ അവതരിപ്പിച്ച വെറൈറ്റി ഡാൻസ്, ഡോ. ആര്യ ദേവി, ഡോ. പത്മജ അമർ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം എന്നിവ അരങ്ങേറി. പ്രശസ്ത ഗായകൻ അസ്ലം മുംബൈ നയിച്ച അസ്ലം നൈറ്റ് കണ്ണൂരിലെ ആസ്വാദകർ നെഞ്ചിലേറ്റി. അലങ്കാര വിളക്കുകൾ കൊണ്ട് കഴിഞ്ഞ 9 ദിവസങ്ങളായി കണ്ണൂർ നഗരം നിറത്തിൽ ആറാടിയ ദിവസമായിരുന്നു. വരുംവർഷങ്ങളിലും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദസറ സംഘടിപ്പിക്കാൻ ആണ് പരിപാടി. കണ്ണൂർ ജില്ലയെ സംബന്ധിച്ചിടത്തോളം കണ്ണൂർ ദസറ എന്നത് പുതിയൊരു തുടക്കമാണ്. കണ്ണൂർ നഗരം ദീപാലങ്കൃതമാക്കിയതിന്റെ ഒന്നാം സമ്മാനം കണ്ണൂർ വിഷൻ നേടി.

വിദേശരാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരത്തിന് കണ്ണൂരിൽ എത്തിയ നിരവധി പേർ കണ്ണൂർ ദസരയുടെ സമാപന പരിപാടികൾ വീക്ഷിക്കുന്നതിന് എത്തിച്ചേർന്നത് നാളെകളിൽ കണ്ണൂർ ദസരയുടെ കീർത്തി കടൽ കടന്നു കൂടുതൽ പേരിൽ എത്തുന്നതിനു സഹായകമാകും എന്ന് മേയർ ടി ഓ മോഹനൻ ഫേസ്‌ബുക്കിൽ കുറിച്ചു.