കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ പാലായ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്കേറ്റ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. കണ്ണൂർ നഗരത്തിനടുത്ത ചാലാട് അമ്പലത്തിന് സമീപത്തെ കിഷോർ, ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ച് കടന്നു കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഞായറാഴ്‌ച്ചപുലർച്ചെ നാലുമണിയോടെയാണ് സംഭവം.

വീടിന്റെ പിറക് വശത്തെ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ലിനിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ ലിനി ബഹളം വെച്ചപ്പോൾ മകൻ അഖിൻ എത്തുകയും മോഷ്ടാക്കളെ കസേര കൊണ്ട് അടിക്കുകയും ചെയ്തതോടെ അക്രമിസംഘം അഖിനെ വടി കൊണ്ട് അടിച്ച് രക്ഷപ്പെടുകയായിരുന്നുഅക്രമികളുടെ അടിയേറ്റ് അഖിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. മൂന്ന് സംഘമാണ് മോഷണത്തിനെത്തിയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

രണ്ട് പേർ മുഖം മൂടിയൊന്നും ധരിക്കാതെ വീട്ടിനകത്ത് കയറുകയായിരുന്നുവെന്നും ഒരാൾ വീടിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. ഇവർ വാഹനത്തിലാണ് വന്നതെന്ന് സംശയിക്കുന്നതായും അവർ അറിയിച്ചു. ഭാഗ്യം കൊണ്ടാണ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നും മകൻ സന്ദർഭോചിതമായി ഇടപെട്ടതാണ് തങ്ങൾക്ക് കൂടുതൽ പരിക്കേൽക്കാഞ്ഞതെന്നും അവർ പറഞ്ഞു.

വിവരം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു.

കണ്ണൂർ ടൗൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ നഗര പ്രാന്ത പ്രദേശമായ ചാലാട് കവർച്ചക്കാർ ഒരു വീട്ടിൽ കയറി മൂന്നുപേരെ അക്രമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.