മലപ്പുറം: നിരവധി ലഹരി കടത്ത് കേസുകളിലും, മോഷണ കേസുകളിലും പ്രതിയായ 36കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസുകളിലും, മോഷണ കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗർ സ്വദേശി തുറക്കൽ വീട്ടിൽ അലി മകൻ അഷ്‌ക്കർ അലി (36)യെയാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം ജില്ല കളക്ടർ പ്രേം കുമാറിന്റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. അഷ്‌ക്കർ അലിക്കെതിരെ രജിസ്റ്റർ ചെയ്ത അവസാന കേസിൽ വലിയ അളവിൽ കഞ്ചാവും ഹാഷിഷ് ഓയിലും പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൊന്നാനി, കുറ്റിപ്പുറം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുക, കവർച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ അഷ്‌ക്കർ അലി ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരിൽ പ്രധാനിയാണ്.

കാപ്പ - 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. 6 മാസത്തേക്കാണ് തടവ്. ലഹരിമാഫിയയിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലയിൽ ഈ വർഷം നിരവധി കേസ്സുകളിൽ പ്രതികളായിട്ടുള്ള 8 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും, 25 പേരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പൊന്നാനി സബ് ഇൻസ്പക്ടർ നവീൻ ഷാജ് ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്