തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി എയർപ്പോർട്ട് അഥോറിറ്റി അപേക്ഷിച്ച ഭൂമിയിലെ ക്രയവിക്രയ പ്രശ്‌ന പരിഹാരത്തിനായി റവന്യുമന്ത്രി റിപ്പോർട്ട് തേടി. തിരുവനന്തപുരത്ത് ആരംഭിച്ച നാലാമത് ജില്ലാ റവന്യു അസംബ്ലിയിലാണ് മലപ്പുറം ജില്ലാ കളക്ടറോട് ഒരാഴ്ചയ്ക്കുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചത്.

വിമാനത്താവളത്തിനു വേണ്ടി അഥോറിറ്റി കണ്ടെത്തി അപേക്ഷിച്ച ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടയ്ക്കാനോ കൈമാറ്റം ചെയ്യാനോ നിർമ്മാണം നടത്താനോ സാധിക്കുന്നില്ലെന്നതാണ് ആക്ഷേപം. സംസ്ഥാനത്തെ മറ്റു പല പദ്ധതി പ്രദേശങ്ങളിലും സമാനമായ അനുഭവങ്ങൾ ഉണ്ടെന്നും അവയെല്ലാം പരിഹരിക്കാൻ ശ്രമമുണ്ടെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാർ ചൂണ്ടിക്കാട്ടിയ മറ്റ് വിഷയങ്ങളിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്നും മന്ത്രി നിർദ്ദേശിച്ചു. പട്ടയം, ഭൂമിതരംമാറ്റം എന്നിവയിൽ ചില ചട്ടഭേദഗതികൾ ആവശ്യമായി വരുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചർച്ചകൾക്കായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേരാനിരുന്ന യോഗം അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചതായി മന്ത്രി അറിയിച്ചു.

മഞ്ചേരി സത്രം ഭൂമിയിലെ അർഹരായവർക്കുള്ള പട്ടയവിതരണം സെപ്റ്റംബർ മാസത്തിനകം നടക്കും. മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയവിതരണവും വേഗത്തിലുണ്ടാവുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.