മലപ്പുറം; ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർഗോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫ് (21) ആണ് 1077 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.

1077 ഗ്രാം 24 കാരറ്റ് സ്വർണം മിശ്രിത രൂപത്തിൽ നാലു കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ ജിദ്ദയിൽ നിന്നും 16നു 7.15 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ എയർപോർട്ടിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് 8.15 മണിക്ക് പുറത്തിറങ്ങിയ ശാനിഫിനെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടർന്ന് ഇയാളുടെ ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടർന്നു നടത്തിയ എക്സറെ പരിശോധനയിലാണ് വയറിനകത്ത് നാലു കാപ്സ്യൂളുകൾ ദൃശ്യമായത്.

പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് ഈ വർഷം പൊലീസ് പിടികൂടുന്ന 11-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.