- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിന്റെ മറവിലും സ്വർണക്കടത്ത്; സീറ്റിന്റെ ഉയരം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹരൂപത്തിൽ അതിവിദഗ്ദ്ധമായി സ്വർണം ഒളിപ്പിച്ചു; കരിപ്പൂരിൽ പിടികൂടിയത് 52.78 ലക്ഷം രൂപയുടെ സ്വർണം; കോഴിക്കോട് സ്വദേശി പിടിയിൽ
മലപ്പുറം : സൈക്കിളിന്റെ മറവിലും സ്വർണക്കടത്ത്. സീറ്റിന്റെ ഉയരം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹരൂപത്തിൽ അതിവിദഗ്ദ്ധമായി സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ സൈക്കിളിന്റെ മറവിൽ കടത്തിയ 52.78 ലക്ഷം രൂപയുടെ 1,037 ഗ്രാം സ്വർണ്ണവുമായി കോഴിക്കോട് എടക്കുളം ചെങ്കോട്ടുകാവ് സ്വദേശി കഴക്കൽ അബ്ദുൾ ഷെരീഫിനെയാണ് (25) എയർകസ്റ്റംസ് വിഭാഗം പിടികൂടിയത്.
അൽഐനിൽ നിന്നെത്തിയ ഇയാൾ സൈക്കിളിന്റെ ഭാഗങ്ങൾ വെവ്വേറെയായി വലിയ പെട്ടിയിലാണ് കൊണ്ടുവന്നിരുന്നത്. സീറ്റിന്റെ ഉയരം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹരൂപത്തിൽ അതിവിദഗ്ദ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ലോഹഭാഗത്തിന് ഭാരക്കൂടുതൽ തോന്നിയെങ്കിലും ആദ്യഘട്ട പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
സ്വർണ്ണപ്പണിക്കാരന്റെ അടുത്തുകൊണ്ടുപോയി മുറിച്ചു പരിശോധിച്ചപ്പോഴും മെറ്റലിന്റെയും സിൽവറിന്റെയും കളറായിരുന്നു. സാധാരണ സ്വർണം ഉള്ളിൽ ഉരുക്കി ഒഴിച്ചിട്ടുണ്ടെങ്കിൽ ഇതു കാണാനാവും. തുടർന്ന് ലോഹഭാഗം ഉരുക്കിയപ്പോഴാണ് സ്വർണം വേർതിരിച്ചെടുക്കാനായത്. ലോഹഭാഗത്തിന്റെ 81 ശതമാനവും സ്വർണ്ണമായിരുന്നു. കൂടാതെ സിങ്ക്, നിക്കൽ, സിൽവർ തുടങ്ങിയവയും ഇതിലുണ്ടായിരുന്നു. എട്ടുമണിക്കൂറോളം സമയമെടുത്താണ് ലോഹഭാഗത്ത് നിന്ന് സ്വർണം വേർതിരിച്ചെടുത്തത്. പലതരത്തിലും സ്വർണ്ണക്കടത്ത് നടക്കാറുണ്ടെങ്കിലും മറ്റ് ലോഹങ്ങൾക്കൊപ്പം സ്വർണം കൂട്ടിച്ചേർത്ത് കടത്തുന്നത് ആദ്യമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്