മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. സ്വർണം കടത്താൻ ഇർഷാദിന് 45000 രൂപ ഓഫർനൽകിയപ്പോൾ അബ്ദുൽ റഹിമാന് ലഭിച്ചത് അരലക്ഷവും വിമാന ടിക്കറ്റും. കരിപ്പൂരിൽ രണ്ടുപേരിൽ നിന്നായി 95 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

ഇന്നു രാവിലെ വന്നിറങ്ങിയ കോഴിക്കോട്, കണ്ണൂർ സ്വദേശികളായ ഇരുവരിൽ നിന്നുമായി 1.783 കിലോഗ്രാം സ്വർണമിശ്രിതമാണ് കരിപ്പൂരിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട് തലയാട് സ്വദേശിയായ പാറക്കൽ ഇർഷാദിൽ (31) നിന്നും 831 ഗ്രാം സ്വർണമിശ്രിതവും എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന കോട്ടോളിൽ അബ്ദുൽ റഹിമാനിൽ (30 ) നിന്നും 952 ഗ്രാം സ്വർണമിശ്രിതവും ആണ് പിടികൂടിയത്.

പിടികൂടിയ രണ്ടു യാത്രക്കാരും സ്വർണ്ണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്സുലുകൾ വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കള്ളകടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തശേഷം ഈ കേസുകളിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുമെന്നും എയർ കസ്റ്റംസ് അധികൃതർ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ നിന്നുമായി മുന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വർണമിശ്രിതം കരിപ്പൂരിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ ഇന്നലെ രാത്രി ദുബായിൽ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടൻ സൽമാനുൽ ഫാരിസിൽ (21) നിന്നും 959 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.

അതിരാവിലെ ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി എത്തിയ മലപ്പുറം സ്വദശികളായ മുന്ന് യാത്രക്കാരിൽ നിന്നുമായി 3505 ഗ്രാം സ്വർണ്ണമിശ്രിതമാണ് പിടിച്ചത്. വള്ളുവമ്പ്രം സ്വദേശിയായ തയ്യിൽ തൊടി നൗഷാദിൽ (37) നിന്നും 1167 ഗ്രാം സ്വർണ്ണമിശ്രിതവും ആമയൂർ സ്വദേശിയായ കൊട്ടകോടൻ ജംഷീർമോനിൽ (36)നിന്നും 1168 ഗ്രാം സ്വർണ്ണമിശ്രിതവും പന്തല്ലൂർ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലാമിൽ (34)നിന്നും 1170 ഗ്രാം സ്വർണ്ണമിശ്രിതവും ആണ് ലഭിച്ചത്. ഇന്ന് രാവിലെ ദുബായിൽ നിന്നും ഫ്‌ളൈദുബായ് വിമാനത്തിൽ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനിൽ (28) നിന്നും 1255 ഗ്രാം സ്വർണ്ണമിശ്രിതവുമാണ് കസ്റ്റീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ 5 യാത്രക്കാരും സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകൾ വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കള്ളകടത്തിന് ശ്രമിച്ചത്. ഈ യാത്രക്കാർക്ക് ടിക്കറ്റ് അടക്കം ഏകദേശം ഒരു ലക്ഷം രൂപ വീതമാണ് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്.