- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം ഒളിപ്പിച്ചത് പാന്റ്‌സിലും അടിവസ്ത്രത്തിലും; കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയെങ്കിലും പൊലീസ് വലയിൽ വീണു; കരിപ്പൂരിൽ വടകര സ്വദേശിയുടെ പക്കൽ നിന്ന് പിടികൂടിയത് ഒരുകോടിയോളം രൂപയുടെ സ്വർണം
മലപ്പുറം: ദുബായിൽ നിന്നും സ്വർണം തേച്ച് പിടിപ്പിച്ച പാന്റും ഷർട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു പൊലീസ് പിടികൂടി. ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണമാണ് പൊലീസ് ഇന്ന് പിടിച്ചെടുത്തത്.
ഇന്നു രാവിലെ 08.30നു ദുബായിൽ നിന്നും ഇൻഡിഗോ ഫ്ലൈറ്റിൽ കരിപൂർ എയർ പോർട്ടിലിറങ്ങിയ മുഹമ്മദ് സഫുവാൻ (37) ആണ് സ്വർണം കടത്തിയതിന് പൊലീസ് പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സഫുവാൻ ധരിച്ചിരുന്ന പാന്റ്‌സിലും ഇന്നർ ബനിയനിലും ബ്രീഫിലും ഉൾഭാഗത്തായി സ്വർണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വർണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങൾ പ്രത്യേകം മുറിച്ച് മാറ്റിയ ശേഷം ഭാരം നോക്കിയതിൽ 2.205 കിലോ ഗ്രാം തൂക്കം കാണുന്നുണ്ട്. വസ്ത്രത്തിൽ നിന്നും ചുരുങ്ങിയ പക്ഷം 1.750 കിലോ തങ്കം വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.7 കിലോ ഗ്രാം സ്വർണ്ണത്തിന് ഇന്നത്തെ മാർക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും.
ഈ വർഷം മാത്രം കരിപ്പൂർ എയർപോട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 12-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്. അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി ഗൃഹാലങ്കാര വസ്തുക്കളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 488 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയിരുന്നു.
ദുബായിൽ നിന്നും വന്ന ഫ്ളൈദുബായ് ഫ്‌ളൈറ്റ് നമ്പർ എഫ്.ജെറ്റ് 429 ഇൽ എത്തിച്ചേർന്ന കാസറഗോഡ് യെദേടുക്ക സ്വദേശി മൊഹമ്മദ് കുടിങ്കില എന്ന യാത്രക്കാരനിൽ നിന്നാണ് കാർട്ടൻ പെട്ടികളിൽ കൊണ്ടുവന്ന ഗൃഹാലങ്കാര വസ്തുക്കളായ വേസ് , മൃഗങ്ങളുടെ മിനിയേച്ചർ രൂപം എന്നിവയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം ലെഡുമായി കലർത്തി കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടിയത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത ഈ വസ്തുക്കളുടെ അടിഭാഗത്തു ഈ മിശ്രിതം ഒളിപ്പിച്ചതായാണ് കണ്ടെത്തിയത് . വിദഗ്ധ പരിശോധനയിലും സ്വർണം വേർതിരിച്ചെടുത്തതിലൂടെ വിപണിയിൽ 27.53 ലക്ഷം രൂപ വില വരുന്ന 488 ഗ്രാം സ്വർണം ആണ് കിട്ടിയത് . വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്