കോതമംഗലം: പഞ്ചായത്ത് കമ്മറ്റിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഒച്ചപ്പാടും. പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌കരിച്ചു. എൽ ഡി എഫ് മെമ്പർമാർ മനപ്പൂർവ്വം പ്രശ്‌നം സൃഷ്ടിക്കു കയായിരുന്നെന്ന് ഭരണ പക്ഷം. ഇന്ന് രാവിലെ കവളങ്ങാട് പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് കമ്മറ്റി ആരംഭിക്കാനിരിക്കെ ഒരു മുന്നറിയിപ്പുമില്ലാതെ പ്രതിപക്ഷ അംഗങ്ങൾ ബഹളം ആരംഭിക്കുകയായിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും തല്ലാൻ പാഞ്ഞെത്തിയെന്നും വൈ.പ്രസിഡന്റ് ജിൻസിയ ബിജു പറഞ്ഞു.

ഊന്നുകല്ലിൽ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വൈ.പ്രസിഡന്റ് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞെന്നും അതിനാൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാതിരുന്നതിനാൽ തങ്ങൾ കമ്മറ്റി ബഹിഷ്‌കരിക്കു കയായിരുന്നെന്നും പ്രതിപക്ഷ അംഗം ഷിബു പടപ്പറമ്പത്ത് പറഞ്ഞു.

ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയുടെ വക്കിൽ വരെ എത്തിയിരുന്നു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് പ്രതിപക്ഷ അംഗങ്ങൾ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും ഇതിന് മറുപടി പറയാൻ ശ്രമിക്കവെ തന്നെ തല്ലാൻ പ്രതിഷേധിച്ചിരുന്ന മെമ്പർമാരിൽ ഒരാൾ എത്തിയെന്നും മറ്റുള്ള മെമ്പർ മാർ അതിക്രമം തടയുകയായിരുന്നെന്നും വൈ.പ്രസിഡന്റ് വ്യക്തമാക്കി.

ഊന്നുകൽ സർവ്വീസ്സ് സഹകരണ സംഘം ഭരണസമിതിയ്‌ക്കെതിരെ കോൺഗ്രസ് ഊന്നുകല്ലിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു. ഈ ധർണ്ണയിൽ സ്വതന്ത്ര അംഗമായി വിജയിച്ച ജിംസിയും പ്രസംഗിച്ചിരുന്നു. ഈ അവസരത്തിൽ വസ്തുതകൾക്ക് ഘടക വിരുദ്ധമായ കാര്യങ്ങൾ ഇവർ പറഞ്ഞെന്നും ഇത് പിൻവലിച്ച്, മാപ്പുപറയണമെന്നുമായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. ജിൻസിയയുടെ പിൻതുണയിലാണ് ഇവിടെ യുഡി എഫിന് ഭരണം ലഭിച്ചത്.