ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ലോക്‌സഭയില്‍ കെ.സി. വേണുഗോപാല്‍ എംപി. വയനാട്ടിലെ ജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല. അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കണം. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹമില്ലെന്നും കേന്ദ്രവും സംസ്ഥാനവും ആശയക്കുഴപ്പം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു. 2018 മുതല്‍ കേരളം ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നല്ല ഇടപെടലുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ ദുരന്തങ്ങളുണ്ടാകുന്നു. നമ്മള്‍ ജനങ്ങളെ രക്ഷിക്കാന്‍ ഒരുമിച്ചു നില്‍ക്കുന്നുവെന്ന് ഈ രാജ്യത്തിനു കാണിച്ചു കൊടുക്കണം. അതിനുശേഷം രാഷ്ട്രീയ വാഗ്വാദങ്ങള്‍ നടത്താം.

ഇന്നലെ രാവിലെ മുതല്‍ കേരളം കണ്ണീരിലാണ്. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ശേഷം നമുക്കു രാഷ്ട്രീയം സംസാരിക്കാമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വയനാട് എംപി ആയിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലുണ്ടായിരുന്നു.

കേരളം ഒരിക്കലും നേരിടാത്ത സാഹചര്യമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. തകര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നു. സുനാമി ദുരിതാശ്വാസത്തിനായി എംപിമാരുടെ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതം നല്‍കിയിരുന്നു. സമാന രീതിയില്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.