തിരുവനന്തപുരം: കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്‌മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. 'കീം' ആദ്യ ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

അപ്ലിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്. റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ അധികൃതര്‍ പുറത്ത് വിടും. എന്‍ജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെയായിരുന്നു നടന്നത്. ഫാര്‍മസി പരീക്ഷ ജൂണ്‍ 9 മുതല്‍ ജൂണ്‍ 10 വരെയായിരുന്നു. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം

79,044 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 58340 പേര്‍ (27524 പെണ്‍കുട്ടികളും 30815 ആണ്‍കുട്ടികളും) യോഗ്യത നേടി. 52500 പേരാണ് (24646 പെണ്‍കുട്ടികളും 27854 ആണ്‍കുട്ടികളും) റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4261 ആയി വര്‍ധിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വര്‍ധനയുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്കു റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാനായില്ല.

ആദ്യ നൂറു റാങ്കില്‍ 13 പെണ്‍കുട്ടികളുണ്ട്. 87 ആണ്‍കുട്ടികളും. ആദ്യ നൂറു റാങ്കില്‍ ഉള്‍പ്പെട്ട 75 പേരുടേത് ഒന്നാം അവസരമാണ്. രണ്ടാം അവസരത്തില്‍ ഈ റാങ്കിനുള്ളില്‍ വന്നവര്‍ 25 പേരാണ്. ആദ്യ നൂറു റാങ്കില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടത് എറണാകുളം ജില്ലയില്‍ നിന്നാണ് - 24 പേര്‍. തിരുവനന്തപുരവും (15 പേര്‍) കോട്ടയവുമാണ് (11) തൊട്ടു പിന്നില്‍. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് - 6568 പേര്‍. ഏറ്റവുമധികം പേര്‍ ആദ്യ 1000 റാങ്കുകളില്‍ ഉള്‍പ്പെട്ടതും എറണാകുളം ജില്ലയില്‍ നിന്നാണ് - 170 പേര്‍.

മറ്റു ജില്ലകളില്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും ആദ്യ ആയിരം റാങ്കുകളില്‍ ഉള്‍പ്പെട്ടവരുടെയും എണ്ണം

തിരുവനന്തപുരം (6148/125)

കൊല്ലം (4947/53)

പത്തനംതിട്ട (1777/23)

ആലപ്പുഴ (3085/53)

കോട്ടയം (3057/99)

ഇടുക്കി (981/10)

തൃശൂര്‍ (5498/108)

പാലക്കാട് (3718/55)

മലപ്പുറം (5094/79)

കോഴിക്കോട് (4722/93)

വയനാട് (815/11)

കണ്ണൂര്‍ (4238/75)

കാസര്‍കോട് (1346/21)

മറ്റുള്ളവര്‍ (289/24).