കണ്ണൂർ: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വീടിന് വൻതുക നിർമ്മാണ തൊഴിലാളി ക്ഷേമ സെസ് അടയ്ക്കണമെന്നു നോട്ടീസ് ലഭിച്ച കേളകം ചുങ്കക്കുന്ന് സ്വദേശി പൊതനപ്ര തോമസിന്റെ വീട്ടു മതിലിൽ സ്ഥാപിച്ച ആറു ലൈറ്റുകൾ അജ്ഞാതർ നശിപ്പിച്ച സംഭവത്തിൽ കേളകം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

ഫാൻസി ലൈറ്റിന്റെ അകത്തുള്ള ബൾബുകൾ കവർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോമസും ഭാര്യ ഏലിയാമ്മയും മാത്രമാണ് വീട്ടിലുള്ളത്. സംഭവദിവസം രാത്രി പത്തുമണിയോടെ വയോധികരായ ദമ്പതികൾ ഉറങ്ങാൻ കിടന്ന സമയത്താണ് അക്രമം നടന്നത്. പൊതനപ്ര തോമസിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.അക്രമംനടന്ന വീട്ടിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

എഴുപത്തിയേഴു വയസുകാരനായ തോമസിന്റെ പിതാവ് നിർമ്മിച്ച വീടു ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് ചോർച്ച നിൽക്കാൻ വീടിന്റെ ടെറസിന്റെ മുകളിൽ ഷീറ്റിട്ടത്. ചിതലു പിടിച്ച കട്ടിളകളും ജനലുകളും മാറ്റിസ്ഥാപിച്ചിരുന്നു. ഷീറ്റിട്ട കാർപോർച്ചുമുണ്ടാക്കി. എന്നാൽ കെട്ടിടത്തിന് 41,26,410 രൂപ നിർമ്മാണ ചെലവ് വരുമെന്നും അതിന്റെ ഒരു ശതമാനമാ 41,264 സെസായി അടയ്ക്കണമെന്നുമാണ് തൊഴിൽ വകുപ്പ് തോമസിന് നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ അൻപത്തിയൊന്നുവർഷം പഴക്കമുള്ള വീടാണ് ഇതെന്നും വെൽഫെയർ സെസ്പ്രകാരം ഒരുതുകയും അടയ്ക്കാൻ ബാധ്യസ്ഥനല്ലെന്നും കാണിച്ചു അസി. ലേബർ ഓഫീസർക്ക് തോമസ് മറുപടി നൽകിയിരുന്നു. ഈക്കാര്യം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് അക്രമം നടന്നത്. താൻ ആർക്കും ഒരു ഉപദ്രവം ചെയ്തിട്ടില്ലെന്നും 41,264 രൂപ സെസ് അടയ്ക്കാൻ കഴിയില്ലെന്നു മാത്രമാണ് പറഞ്ഞതെന്നും ഇതിൽ ആർക്കാണ് പ്രശ്നമുള്ളതെന്നും പൊതനപ്ര തോമസ് പറഞ്ഞു.

സംഭവം വിവാദമായതിനെ തുടർന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വീടിനു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു രംഗത്തുവന്നിട്ടുണ്ട്. സി.പി. എം ഭരിക്കുന്ന കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നാണ് കേളകം.