വയനാട്: കടുവയുടെ ആക്രമണത്തിൽ മൂന്ന് പശുക്കൾ കൂടി ചത്തതിനെ തുടർന്ന് വയനാട് കേണിച്ചിറയിൽ നാട്ടുകാരുടെ പ്രതിഷേധം. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. കളിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് പശുക്കളെയാണ് കടുവ ഇവിടെ ആക്രമിച്ചത്. അതിനിടെ പശുക്കൾ നഷ്ടമായവർക്ക് സർക്കാർ അടിയന്തര നഷ്ടപരിഹാരം നൽകും. കടുവയെ മയക്കുവെടിയും വയ്ക്കും.

നാട്ടുകാർ കേണിച്ചിറയിൽ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായി സുൽത്താൻ ബത്തേരി - പനമരം റോഡ് ആണ് ഉപരോധിക്കുന്നത്. പശുവിന്റെ ജഡം ട്രാക്ടറിൽ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാർ എത്തിയത്. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സമവായ ചർച്ചകൾക്കെത്തി. നഷ്ടപരിഹാരം അടക്കം വാഗ്ദാനം ചെയ്തതോടെ പ്രതിഷേധം തീർന്നു. വനംവകുപ്പിൽ ഉന്നത തസ്തികകളെല്ലാം ഈ മേഖലയിൽ ഒഴിഞ്ഞു കിടക്കുകായണ്. ഇതെല്ലാം നാട്ടുകാർ ചൂണ്ടികാട്ടിയിട്ടുണ്ട്. എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് സർക്കാര് ഉറപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കടുവയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കടുവ 4 പശുക്കളെ കൊന്നു. ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ കൊന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് ഇന്ന് പുലർച്ചെ കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ പശുവിനെ കടുവ കൊന്നിരുന്നു.

കടുവയെ കൂടുവച്ച് പിടിക്കാനായില്ലെങ്കിൽ മയക്കുവെടി പ്രയോഗിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനു നിയമാനുസൃത നടപടി പൂർത്തിയാക്കി അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി.