- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായ വകുപ്പിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം തുടങ്ങും; 112 ഭവനങ്ങൾ അടങ്ങുന്ന ലൈഫ് സമുച്ചയത്തിന് അനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാൻ ലക്ഷ്യമിട്ടാണ് പ്രത്യേക വിഭാഗം സ്ഥാപിക്കുന്നത്. പല വ്യവസായ സംഘടനകളുടെയും നവകേരള സദസ്സിന്റെ പല വേദിക്കളിലെയും ആവശ്യം പരിഗണിച്ചാണിത്. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ ചുവടെ:
ലൈഫ് ഭവന സമുച്ചയം;പുതുക്കിയ ഭരണാനുമതി
തിരുവനന്തപുരം പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന സമുച്ചയം നിർമ്മിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 112 ഭവനങ്ങളും 2 അംഗൻവാടിയും ഉൾപ്പെടുന്നതാണ് സമുച്ചയം. സുകുമാരൻ വൈദ്യനാണ് സൗജന്യമായി ഭൂമി നൽകിയത്.
സാധൂകരിച്ചു
സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച ഉത്തരവ് സാധൂകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ, രജിസ്ട്രേഷൻ, മ്യൂസിയം - ആർക്കിയോളജി - ആർക്കൈവ്സ് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ ഉൾപ്പെടുത്തി ജനുവരി എട്ടിനായിരുന്നു പുനഃസംഘടന.
വാർഷിക വരുമാന പരിധി ഉയർത്തി
കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ പദ്ധതി പ്രകാരം തുടർ പെൻഷൻ അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി നിലവിലുള്ള 24,000 രൂപയിൽ നിന്ന് 48,000 ഉയർത്തി നിശ്ചയിച്ചു.
ടെണ്ടർ അംഗീകരിച്ചു
തിരുവനന്തപുരം ജില്ലയിലെ പേട്ട - ആനയറ - ഒരുവാതിൽക്കോട്ട റോഡ് നിർമ്മാണത്തിന് നിലവിലുള്ള മാനദണ്ഡത്തിൽ ഇളവു വരുത്തി ടെണ്ടർ അംഗീകരിക്കാൻ തീരുമാനിച്ചു.
പാതയോര അമിനിറ്റി സെന്റർ
കാസർഗോഡ് തലപ്പാടിയിൽ 2.2 ഹെക്ടർ ഭൂമി ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ് മെന്റ് ആൻഡ് ഹോൾഡിങ്ങ് ലിമിറ്റഡിന് പാതയോര അമിനിറ്റി സെന്റർ സ്ഥാപിക്കാൻ പതിച്ചു നൽകി.
ധാരണാ പത്രം ഒപ്പു വയ്ക്കുന്നതിന് അനുമതി
കൊച്ചി മറൈൻഡ്രൈവിലുള്ള കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡിന്റെ ഭൂമിയിൽ എൻബിസിസി ( ഇന്ത്യ) ലിമിറ്റഡുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതിന് ധാരണാ പത്രം ഒപ്പു വയ്ക്കുന്നതിന് അനുമതി നൽകി. ഹൗസിങ്ങ് ബോർഡ് സെക്രട്ടറിക്കാണ് അനുമതി നൽകിയത്. വാണിജ്യ സമുച്ചയം, റെസിഡൽഷ്യൽ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട്ലി പാർക്കുകൾ തുടങ്ങിയ സംവിധാനങ്ങളാണ് പദ്ധതിയിലുള്ളത്.
മറുനാടന് ഡെസ്ക്