പിറവം: കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷമാക്കി പിറവം ടൗണിൽ പിടിയും പോത്തുകറിയും വിതരണം ചെയ്തു. പിറവം പ്രൈവറ്റ് ബസ്സ്റ്റാൻഡിന് എതിർ വശത്ത് തയാറാക്കിയ പന്തലിൽ 2000 പേർക്ക് സദ്യ വിളമ്പി. പിറവത്തിന്റെ തനത് ഭക്ഷണമായ അരിയും തേങ്ങയും വെച്ചുള്ള പിടിയും രണ്ട് പോത്തിന്റെ ഇറച്ചിക്കറിയും ആണ് വിതരണം ചെയ്തത്.

കേരള കോൺഗ്രസ് -എം പാർട്ടിക്കാരനും പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ ജിൽസ് പെരിയപ്പുറമാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയുടെ തോൽവി ആഘോഷിക്കാൻ സദ്യ ഒരുക്കാൻ നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയതോടെ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സദ്യക്ക് തുടക്കം കുറിച്ചത്.

പി.ജെ. ജോസഫ് എംഎ‍ൽഎയുടെ മകനും കേരള കോൺഗ്രസ് ജോസഫ് ഉന്നതാധികാരസമിതി അംഗവുമായ അപു ജോസഫാണ് സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം, യു.ഡി.എഫ് ജില്ല സെക്രട്ടറി രാജു പാണലിക്കാൻ, പൊതുപ്രവർത്തകനായ ബേബിച്ചൻ പിറവം, ശ്രീജിത്ത് പാഴൂർ, സുജാതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വഴിയാണ് ആഘോഷത്തിന് തുക സംഘടിപ്പിച്ചത്. ഇതിനെ എതിർത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വിവാദം പുകഞ്ഞു.

ജനകീയ കൂട്ടായ്മയിൽ യു.ഡി.എഫ് അംഗങ്ങൾ കൂടിയുള്ളത് കോൺഗ്രസിലും മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. പിറവം മണ്ഡലത്തോടുള്ള തോമസ് ചാഴികാടൻ എംപി യുടെ അവഗണനയിൽ പ്രതിഷേധിച്ചും അദ്ദേഹത്തിന്റെ പരാജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുമാണ് സദ്യ നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ വിൽസൺ കെ. ജോൺ, രാജു പാണാലിക്കൽ, ഷാജു ഇലഞ്ഞിമറ്റം, ജിൽസ് പെരിയപ്പുറം തുടങ്ങിയവർ സംസാരിച്ചു.