കൊച്ചി: ഭർത്താവിന്റെ ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹ മോചന ഹർജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരെ യുവതി നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു പറഞ്ഞത്.

ഹർജിക്കാരിയെ ഉപേക്ഷിച്ചു എന്ന വാദം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന ഭർത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും അയാളുടെ ലൈംഗിക വൈകൃത സ്വഭാവം വിവാഹമോചനത്തിനു മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു. അതിനാൽ വിവാഹമോചനം അനുവദിക്കാമെന്നു കോടതി പറഞ്ഞു.

ലൈംഗിക വൈകൃതത്തെക്കുറിച്ച് ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം. അസ്വാഭാവികമായ പ്രവൃത്തി ചെയ്യാൻ പങ്കാളി നിർബന്ധിക്കപ്പെട്ടാൽ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി. ഒരാളുടെ പ്രവൃത്തിയും പെരുമാറ്റവും പങ്കാളിക്കു വേദനയും ദുരിതവും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് പങ്കാളിയോടുള്ള ക്രൂരതയാണെന്നും കോടതി പറഞ്ഞു.