കൊച്ചി: വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വാഹനങ്ങളിലെ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകൾ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം.

കാറിൽ നീന്തൽക്കുളമുണ്ടാക്കിയ യൂട്യൂബ് വ്ളോഗർ സഞ്ജു ടെക്കിയുടെ നിയമലംഘനത്തെ ഹൈക്കോടതി കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. വാഹനങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ഇതിന് പിന്നാലെ സഞ്ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികൾ സർക്കാർ വിശദീകരിക്കുമ്പോഴാണ് ഹൈക്കോടതി മറ്റു നിർദേശങ്ങൾ കൂടി മുന്നോട്ടുവെച്ചത്.

നിയമലംഘനം നടത്തുന്ന വ്ളോഗർമാരുടെ കാര്യത്തിൽ ശക്തമായ നടപടി വേണമെന്ന് പറഞ്ഞ ഹൈക്കോടതി, വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് നിർദേശിച്ചു. റിക്കവറി വാനുകളും ക്രെയിനുകളും വരെ ക്യാമ്പസുകളിൽ കൊണ്ടുവരുന്നുണ്ട്. ഇക്കാര്യത്തിൽ കോളജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയതായി സർക്കാർ കോടതിയെ അറിയിച്ചു.

ബസുകളുടെ അടക്കം പല പൊതുവാഹനങ്ങളുടെയും ബ്രേക്ക്, ലൈറ്റ് എന്നിവ പ്രവർത്തിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും കോടതി നിർദേശിച്ചു.