- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിലെ പുതിയ സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച
തിരുവനന്തപുരം : പൊലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽ നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പൊലീസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും.
സൈബർ ബോധവൽക്കരണത്തിനായി കേരള പൊലീസ് തയാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ആന്റണി രാജു എംഎൽഎ നിർവഹിക്കും. രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള ട്രോഫിയും ഇതേ പൊലീസ് സ്റ്റേഷന് നൽകും.
വർധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള പൊലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ.ജിയുടെ കീഴിൽ 465 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്കുകൾ, ഗവേഷണപഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇന്റലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷന്റെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പൊലീസിനു കഴിയും.