കൊച്ചി:കേരള സർവ്വകലാശാലാ സെനറ്റംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജികളിൽ വിധി പറയുക.ഹർജിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.

ഹർജിയിൽ നടന്ന വാദത്തിൽ സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം..സേർച് കമ്മിറ്റിയിലേക്കു നോമിനിയെ നൽകുകയെന്ന ബാധ്യത നിർവഹിക്കാതെ വന്ന സാഹചര്യത്തിലാണു ചാൻസലർ 'സമ്മതി' പിൻവലിച്ചു ഹർജിക്കാരെ പുറത്താക്കിയതെന്നു ചാൻസലറുടെ അഭിഭാഷകനായ എസ്. ഗോപകുമാരൻ നായർ വാദിച്ചു.ചോദ്യങ്ങൾക്കു മറുപടി തേടിക്കൊണ്ടാണു കോടതി ചാൻസലറുടെ വാദം കേട്ടത്. സെനറ്റിലെ ചാൻസലറുടെ നോമിനികൾക്കു നിയമം ആണോ ചാൻസലറുടെ നിർദ്ദേശമാണോ ബാധകമെന്നും കോടതി ചോദിച്ചു.ചാൻസലർ ചെയ്യുന്നതു തെറ്റായാൽ പോലും അവർ നിർദ്ദേശം പിന്തുടരേണ്ടി വരുമെന്നും അല്ലാത്തപക്ഷം രാജിവച്ചു പുറത്തു പോകണമെന്നുമാണ് ചാൻസലറുടെ അഭിഭാഷകൻ ഇതിനോട് പ്രതികരിച്ചത്.

സേർച് കമ്മിറ്റിയിലേക്കു സെനറ്റ് ആദ്യം നൽകിയ നോമിനി പിന്മാറിയപ്പോൾ അടുത്ത ആളെ നിർദ്ദേശിക്കുന്നതു വരെ ചാൻസലർ കാത്തിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിട്ടുണ്ടാകുമെന്നും എന്നാൽ ലഭ്യമായ മറ്റു 2 അംഗങ്ങളെ ഉൾപ്പെടുത്തി തിടുക്കപ്പെട്ടു കമ്മിറ്റി രൂപീകരിച്ചുവെന്ന് ഹർജിക്കാർക്ക് ആക്ഷേപമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ രണ്ടംഗ കമ്മിറ്റിയുടെ രൂപീകരണം അന്തിമമായിരുന്നില്ലെന്നും സെനറ്റ് നോമിനിയെ നൽകുന്ന നിമിഷം ആ വിജ്ഞാപനം പ്രവർത്തനരഹിതമാകുകയും പുതിയ വിജ്ഞാപനം ഇറങ്ങുകയും ചെയ്യുമായിരുന്നുവെന്നും ചാൻസലറുടെ അഭിഭാഷകൻ പ്രതികരിച്ചു.