കോട്ടയം: കിടങ്ങൂർ ചെമ്പിളാവിൽ വീടിനോട് ചേർന്നുള്ള പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം. ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു. പടക്കശാലയിലെ ജീവനക്കാരനായ ഐക്കരയിൽ ജോജിക്കാണ് പൊള്ളലേറ്റത്. ചെമ്പിളാവ് സഹകരണ ബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസി എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. മാത്യു ദേവസിയുടെ സഹോദരൻ ജോസഫിന്റെ പേരിൽ വെടിമരുന്ന് ഉപയോഗത്തിന് ലൈസൻസ് ഉണ്ടെന്നാണ് സൂചന.

വീടിന് മുകളിൽ വെടിമരുന്നും ഉപ്പും തിരിയും ഉണക്കാനിട്ടിരുന്നു. അവിടെ നിന്നാണ് ഇവ പൊട്ടിത്തെറിച്ചത്. രണ്ടുകിലോ മീറ്ററോളം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. കുട്ടികൾ ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ ജോജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ഗുരുതര പൊള്ളലുണ്ട്. പൊലീസിന്റെ പരിശോധന ഈ വീട്ടിൽ നടക്കുകയാണ്.