കൊച്ചി: മട്ടാഞ്ചേരിയിൽ വെള്ള കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ച് 12കാരൻ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരിൽ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറിൽ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരൻ പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പൊലീസിൽ വിവരമറിയിച്ചു.

പൊലീസെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും കാർ കണ്ടെത്താനായില്ല. ഒടുവിൽ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചതോടെ കുട്ടി കഥചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്‌കൂളിൽ പഠിക്കുന്ന കുട്ടി പഠനകാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് കഥ മെനഞ്ഞത്. കുട്ടിയുടെ ബാഗ് കൂവപ്പാടം കൊച്ചിൻ കോളജ് ഗ്രൗണ്ടിന് സമീപമുള്ള കടയുടെ പിറകിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി.