- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായ ജലവിതരണ പദ്ധതി: കുടിവെള്ള പ്ലാന്റിനുള്ള ജലലഭ്യത ഉറപ്പാക്കുമെന്ന് കിൻഫ്ര
ആലുവ: വാട്ടർ അഥോറിറ്റിയുടെ 190 എംഎൽഡി കുടിവെള്ള പ്ലാന്റിന് ആവശ്യമായ ജലലഭ്യത ഉറപ്പാക്കിക്കൊണ്ടുമാത്രമേ പെരിയാറിൽനിന്ന് വ്യവസായ പാർക്കിലേക്ക് വെള്ളം ശേഖരിക്കുകയുള്ളുവെന്നും ജലലഭ്യത കുറയുന്നപക്ഷം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാൽ പമ്പിങ് നിറുത്തിവയ്ക്കുമെന്നും കിൻഫ്ര മാനേജിങ് ഡയക്ടർ സന്തോഷ് കോശി തോമസ് അറിയിച്ചു. വ്യവസായ ജലവിതരണ പദ്ധതിക്കായി പൈപ്പിടുന്നതിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
നിലവിൽ കടമ്പ്രയാറിലെ വെള്ളമാണ് കിൻഫ്ര ഉപയോഗിക്കുന്നതെങ്കിലും ആവശ്യത്തിനു വെള്ളം ലഭ്യമല്ലാതെ വരുമ്പോൾ കുറച്ചുവർഷങ്ങളായി ഏപ്രിൽ- മെയ് മാസങ്ങളിൽ പമ്പിങ് നിറുത്തിവയ്ക്കേണ്ടിവരികയും ഇൻഫോപാർക്കിലേയും കിൻഫ്രയിലേയും സ്ഥാപനങ്ങളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് പെരിയാറിൽ നിന്നുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
2016ൽ അനുമതി ലഭിച്ച പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ 10 എംഎൽഡിയും 2030ൽ 20 എംഎൽഡിയും മാത്രം വെള്ളമേ കിൻഫ്രയ്ക്ക് ആവശ്യം വരൂ. 2050ഓടുകൂടി മാത്രമാണ് 45 എംഎൽഡി വെള്ളം ശേഖരിക്കേണ്ടിവരിക. കിൻഫ്ര പാർക്കിലെ വിവിധ വ്യാവസായിക നിർമ്മാണ ആവശ്യങ്ങൾക്കുപുറമേ ഇൻഫോപാർക്ക്, ഇലക്ട്രോണിക് മാനുഫാക്ച്വറിങ് ക്ലസ്റ്റർ എന്നിവയിലെ ഏകദേശം ഒരുലക്ഷത്തിലധികം ജോലിക്കാരുടെ ദൈനംദിനാവശ്യങ്ങൾക്കുമാണ് ഈ വെള്ളം ഉപയോഗിക്കുന്നത്.
ജല അഥോറിറ്റിയുടേയും കിൻഫ്രയുടേയും ആവശ്യം കഴിഞ്ഞാലും ഏകദേശം 1043 ദശലക്ഷം ലിറ്റർ വെള്ളം പെരിയാറിൽ ബാക്കിയുണ്ടാകുമെന്ന പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ കിൻഫ്രയ്ക്ക് അനുമതി നൽകിയത്. പ്രാഥമിക പഠനം നടത്തിയ സിഡബ്ള്യുആർഡിഎം എന്ന ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബറിൽ മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഇറിഗേഷൻ- പൊതുമരാമത്ത്- വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിൽ ഉന്നയിക്കപ്പെട്ട ജലലഭ്യതക്കുറവിനെപ്പറ്റിയുള്ള ആശങ്ക ഇറിഗേഷൻ ഹൈഡ്രോളജി ഡിവിഷൻ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
ജല അഥോറിറ്റിയുടേയും ജലവിഭവ വകുപ്പിന്റെയും നിലവിലുള്ളതും ഭാവിയിലേതുമായ എല്ലാ ആവശ്യങ്ങളും പരിഗണിച്ച് കിൻഫ്ര പദ്ധതിക്ക് ആവശ്യമായ വെള്ളം പെരിയാറിൽ ഉണ്ടെന്ന് ആ പഠനത്തിലും വ്യക്തമായിരുന്നു. ഇതേതുടർന്നാണ് കൊച്ചിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ജലവിഭവ വകുപ്പ് 190 എംഎൽഡി പ്ലാന്റിന്റെ നിർമ്മാണവുമായി മുന്നോട്ടുപോകാനും പെരിയാറിലെ ജലനിരപ്പ് നിലനിറുത്താൻ അമ്മനത്തുപള്ളം റെഗുലേറ്റർ പദ്ധതി നടപ്പാക്കാനും കിൻഫ്രയുടെ വ്യവസായ ജലവിതരണ പദ്ധതിയുമായി മുന്നോട്ടുപോകാനും കഴിഞ്ഞ ഒക്ടോബർ നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ജലവിഭവ, വ്യവസായ വകുപ്പുകളുടെ മന്ത്രിമാർ ഒക്ടോബർ 25ന് യോഗം വിളിച്ച് ഇക്കാര്യം ബന്ധപ്പെട്ട ജനപ്രതിനിധികളേയും അറിയിച്ചിരുന്നു.
ജല അഥോറിറ്റിയുടെ 190 എംഎൽഡി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കിൻഫ്ര വിട്ടുനൽകിയില്ലെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. പ്ലാന്റ് സ്ഥാപിക്കുന്നതിനു പരിഗണനയിലുള്ള സ്ഥലം കോടതി വ്യവഹാരത്തിലായിരുന്നതും ഇപ്പോഴും അങ്ങനെ തുടരുന്നതുമാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന റോഡ് പണികഴിയുന്നമുറയ്ക്ക് പുനർനിർമ്മിക്കുകയും സാധാരണപോലെ വാഹനഗതാഗതം സാധ്യമാകുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മറുനാടന് ഡെസ്ക്