കൊച്ചി: ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് പുറത്തുവരാനാകാത്ത തരത്തിലുള്ള ശിക്ഷയാണ് നൽകേണ്ടതെന്ന് കെ.കെ. രമ. ആരുടേയും ജീവൻ എടുക്കണമെന്ന് ആഗ്രഹമില്ല. പ്രതികളെ പുറത്തുവിട്ടവർക്ക് നേരെ അന്വേഷണം പോകാത്തതിൽ വേദനയുണ്ടെന്നും രമ പറഞ്ഞു.

ഒരു മനുഷ്യനും മരണപ്പെട്ടുകൂടാ എന്നതാണ് എന്റെ നിലപാട്. പരമാവധി ശിക്ഷ ഒരു ജീവൻ എടുത്തുകൊണ്ടാവണമെന്ന് എനിക്ക് ആഗ്രഹമില്ല. എന്നാൽ, ജയിലിൽ നിന്ന് പുറത്തുവരാനാകാത്ത, പരോൾ ലഭിക്കാതെയുള്ള ശിക്ഷ അവർക്ക് ലഭ്യമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജയിലിനുള്ളിൽ അവർ ജീവിതകാലം മുഴുവൻ കഴിയണം. ഇനി ഒരു മനുഷ്യനും ഇതുപോലെ കൊലചെയ്യപ്പെടരുത്, കെ.കെ. രമ പറഞ്ഞു.

2012 മെയ്‌ നാലിനാണ് ആർ.എംപി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോടുവെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികൾ കൊലപ്പെടുത്തി എന്നാണ് കേസ്.