കൽപറ്റ: കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നതിനുമുമ്പ് ഭൂമി കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷൻ 81/1 പ്രകാരം ഇളവ് ലഭിച്ചതിൽപെട്ടതാണോ എന്ന സർട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യപ്പെടേണ്ടതില്ലെന്ന ഉത്തരവ് ജില്ല കലക്ടർ പിൻവലിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വർഗീസ് വട്ടേക്കാട്ടിൽ, പി.ജി. മോഹൻദാസ്, എ. കൃഷ്ണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കലക്ടറുടെ ഉത്തരവ് ഭൂമിയുടെ വലിയതോതിലുള്ള ദുർവിനിയോഗത്തിനു കാരണമാകും. വയനാട്ടിൽ മാത്രമുള്ള കെ.എൽ.ആർ സർട്ടിഫിക്കറ്റ് രീതി കേരള ഭൂപരിഷ്‌കരണ നിയമത്തിനു വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും 1/1465/2ാം നമ്പർ സർക്കുലറിലൂടെ ലാൻഡ് ബോർഡ് സെക്രട്ടറി ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ലാൻഡ് ബോർഡ് സെക്രട്ടറിയുടെ സർക്കുലറിനു പിന്നിൽ ഗൂഢതാൽപര്യങ്ങളുണ്ട്. ഭൂപരിഷ്‌കരണ നിയമം സെക്ഷൻ 81/1 പ്രകാരം ഇളവ് ലഭിച്ച ഭൂമിയുടെ ദുർവിനിയോഗം തടയുന്നതിനാണ് ജില്ലയിൽ മുൻ കലക്ടർ കെട്ടിട നിർമ്മാണ അനുമതിക്ക് കെ.എൽ.ആർ സർട്ടിഫിക്കറ്റ് ബാധകമാക്കിയത്.

ഏതാനും വ്യക്തികളുടെ നിവേദനം അടിസ്ഥാനമാക്കിയാണ് ലാൻഡ് ബോർഡ് സെക്രട്ടറി സർട്ടിഫിക്കറ്റ് പിൻവലിക്കുന്നതിനു സർക്കുലർ ഇറക്കിയത്. കലക്ടറുടെ ഉത്തരവ് ഭൂ, ക്വാറി, നിർമ്മാണ ലോബികൾക്കു മുന്നിൽ വയനാടിന്റെ വാതിൽ തുറന്നിടുന്നതാണ്. ഭൂരഹിതർക്കും ആദിവാസികൾക്കും ലഭിക്കേണ്ട ഭൂമി വൻകിട തോട്ടം ഉടമകളിൽ നിലനിർത്തുകയെന്ന ഗൂഢലക്ഷ്യവും ലാൻഡ് ബോർഡ് സെക്രട്ടറിയുടെ സർക്കുലറിനും ജില്ല കലക്ടറുടെ ഉത്തരവിനും പിന്നിലുണ്ടെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.