കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അതേസമയം പദ്ധതിയിൽ വാട്ടർ അഥോറിറ്റിക്ക് തന്നെയാകും മുഖ്യറോളെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ടെണ്ടറിനേക്കാൾ 21 ശതമാനം അധികം തുക അനുവദിച്ചതിലും പരിശോധനകളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കുടിവെള്ള വിതരണ ചുമതല വാട്ടർ അഥോറിറ്റിയിൽ നിന്ന് വിദേശ കമ്പനിക്ക് കൈമാറുന്നതാണ് പദ്ധതി. പത്ത് വർഷത്തേക്കാണ് കുടിവെള്ള വിതരണത്തിന് വിദേശകമ്പനിക്ക് ചുമതല നൽകുന്നത്. സോയൂസ് എന്ന വിദേശ കമ്പനിക്കാണ് ചുമതല.

കൊച്ചിയിലും നഗര പരിസരത്തുമായി 750 കിലോമീറ്റർ പൈപ്പ് മാറ്റിയിടുകയാണ് ലക്ഷ്യം. 1.46 ലക്ഷം ഉപഭോക്താക്കൾക്ക് പുതിയ വാട്ടർ മീറ്റർ, പമ്പിങ് സ്റ്റേഷനുകളുടെ നവീകരണം, 190 ദശലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ പ്ലാന്റ് എന്നിവയാണ് പദ്ധതിയിലുള്ളത്.