മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ എംഡിഎംഎ വിൽപ്പനക്കാരിയായ 52 കാരിയെ പൊലീസ് പിടികൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിനി റസിയ ബീഗത്തെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മൊറയൂരിലെ ഇവരുടെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് എംഡി എം എ അടക്കം പൊലീസ് ഇവരെ പിടികൂടിയത്. 13 ഗ്രാം എംഡിഎംഎയും ഇവ തൂക്കി നൽകാനുള്ള ഉപകരണവും കവറുകളും 20,000 രൂപയും വാടക ക്വാർട്ടേഴ്സിൽ നിന്നും പൊലീസ് കണ്ടെടുത്തു .

കഴിഞ്ഞദിവസം കരിപ്പൂരിൽ ലഹരി മരുന്നുപയോഗിച്ചിരുന്ന യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൊറയൂരിൽ നിന്നാണ് ലഹരി മരുന്ന് ലഭിക്കുന്നതെന്ന് മനസ്സിലാക്കിയത്. തുടർന്ന് പൊലീസ് യുവാക്കൾ നൽകിയ വിവരത്തെ അടിസ്ഥാനമാക്കി മൊറയൂരിലെ വാടക ക്വാർട്ടേഴ്സ് നിരീക്ഷിച്ചു. യുവാക്കളും മറ്റും ധാരാളം വന്നു പോകുന്നുണ്ടായിരുന്നെങ്കിലും വില്പനക്കാരി ഒരു സ്ത്രീയാണെന്ന് ആരും സംശയിച്ചിരുന്നില്ല. തുടർന്ന് പൊലീസ് ക്വാർട്ടേഴ്സിൽ എത്തി പരിശോധിച്ചു.

പരിശോധനയിൽ എംഡിഎംഎ പിടികൂടുകയായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് എംഡി എം എ ലഭിക്കുന്നതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇതരസംസ്ഥാനങ്ങളിലുള്ള രാസലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് 52 കാരിയായ റസിയ ബീഗം എന്നാണ് പൊലീസ് പറയുന്നത്. മലപ്പുറം എസ്‌പി സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി എ.എസ്‌പി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസാഫ് ടീമും വനിതാ എസ് ഐ മിനിയും ആണ് ലഹരി മരുന്ന് വിൽപ്പനക്കാരിയെ പിടികൂടിയത്.