കോഴിക്കോട്: പട്ടാപകൽ നഗരത്തിൽ ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ അടിപിടി. കോഴിക്കോട് കൂരാച്ചുണ്ട് ടൗണിലാണു സംഭവം. തടയാനെത്തിയ നാട്ടുകാർക്കും അടിപൊട്ടി. പൊലീസ് സ്റ്റേഷനിൽനിന്നും അരകിലോമീറ്റർ അകലെയാണു പ്രദേശവാസികളായ റഷീദും, റംഷാദും തമ്മിൽ അടിപിടിയുണ്ടായത്. രണ്ടുപേരും ലഹരിയിലായിരുന്നുവെന്നും ഇതിൽ റംഷാദ് അമിതമായ ലഹരി ഉപയോഗിച്ചിരുന്നയാളാണെന്നു നാട്ടുകാർ പറഞ്ഞു.

ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഭവം . 12. 45 മുതൽ രണ്ടുമണിവരെ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു . റംഷാദ് പല കേസുകളിലും പ്രതിയാണ് . ഡി വൈ എഫ് ഐ നേതാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആറുമാസം മുമ്പു പിടിയിലായിരുന്നു. ഒപ്പം തന്നെ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി നേരത്തെ ജയിലിൽ പോയതിന് ശേഷമാണ് മാനസികാസ്വസ്ത്യം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും അക്രമത്തിലേക്ക് റംഷാദ് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് . ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നലെ കൂരാച്ചുണ്ട് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പട്ടാപകൽ നാട്ടുകാർ നോക്കിനിൽക്കെയാണു കയ്യാങ്കളിയുണ്ടായത്. ഒരാളെ ചവിട്ടി വീഴ്‌ത്തുന്നതും ദേഹത്ത് കയറിയിരുന്ന് മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് കണ്ടു തടയാൻചെന്ന വ്യക്തിയേയും അക്രമിച്ചു. സംഭവം നടന്ന അരമണിക്കൂറിന് ശേഷമാണു പൊലീസ് സംഭവ സ്ഥലത്ത് എത്തിയതെന്നും ആക്ഷേപമുണ്ട്. ഇരുവർക്കുമെതിരെ പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയതിന് ഐ.പി.സി 160, കെ.പി ആക്ട് 118 എ പ്രകാരം കേസെടുത്തു.